
അമേരിക്കയിലെ വിസ റദ്ദാക്കൽ ഇന്ത്യൻ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാകുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം അമേരിക്കയിലെ വിസ റദ്ദാക്കൽ ഇന്ത്യൻ വിദ്യാർഥികൾക്കാണ് ഏറ്റവും പ്രഹരമായിരിക്കുന്നതെന്ന് കണക്കുകൾ നിരത്തി അഭിഭാഷക അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഇത്തരം തിരിച്ചടി നേരിട്ട അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 50% ഇന്ത്യക്കാരെന്നാണ് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ (AILA) പറയുന്നത്.
വിദ്യാർത്ഥികൾ, അഭിഭാഷകർ, സർവകലാശാല ജീവനക്കാർ എന്നിവരിൽ നിന്ന് റിപ്പോർട്ടുകൾ ശേഖരിച്ചാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള 327 കേസുകളാണ് പരിശോധിച്ചത്. അടുത്തിടെ വിസ റദ്ദാക്കുകയോ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റം (SEVIS) രേഖകൾ നിർത്തലാക്കുകയോ ചെയ്ത, യു എസ് എയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏകദേശം 50 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ ചൂണ്ടികാട്ടി.
50 ശതമാനം ഇന്ത്യയിൽ നിന്നുള്ളവരായപ്പോൾ 14 ശതമാനം പേർ ചൈനയിൽ നിന്നുള്ളവരുമാണ്. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇന്ത്യക്കും ചൈനക്കും പിന്നിലായുള്ളത്. ഓപ്പൺ ഡോർസിന്റെ കണക്കുകൾ പ്രകാരം, 2023-24 ൽ യുഎസിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി കൂട്ടായ്മ ഇന്ത്യക്കാരാണ്. 2023-24 ൽ 11,26,690 അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 3,31,602 പേർ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു (മൊത്തം 29%). തൊട്ടുപിന്നാലെയുള്ളത് ചൈനീസ് വിദ്യാർഥികളാണ്. 2.77 ലക്ഷം ചൈനീസ് വിദ്യാർത്ഥികളാണ് യു എസിലുള്ളത്.
എഐഎൽഎയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആശങ്ക പങ്കുവച്ചു: അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ 327 വിസ റദ്ദാക്കൽ കേസുകളിൽ 50% ഇന്ത്യൻ വിദ്യാർത്ഥികളാണ്. വിസ റദ്ദാക്കലിനുള്ള കാരണങ്ങൾ പൊരുത്തമില്ലാത്തതും അവ്യക്തവുമാണ്. ഇത് വിദ്യാർത്ഥികൾക്കിടയിൽ ഭയവും ആശങ്കയും നിരന്തരം വർദ്ധിപ്പിക്കുകയാണ്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, യുഎസ് വിദേശകാര്യ മന്ത്രിയോട് ഇക്കാര്യം ഉന്നയിക്കുമോയെന്ന ചോദ്യവും ജയറാം രമേശ് ഉന്നയിച്ചു.