ഡൽഹി: സോഷ്യല്‍ മീഡിയയിലൂടെയും ഡേറ്റിംഗ് ആപ്പിലൂടെയും നിരവധി 700 ലേറെ സ്ത്രീകളെ ‘പറ്റിച്ച’ യുവാവ് പിടിയില്‍. ഉത്തർപ്രദേശിലെ നോയിഡയിലെ ഒരു സ്വകാര്യ കമ്ബനിയില്‍ റിക്രൂട്ടറായി ജോലി ചെയ്യുന്ന തുഷാർ സിംഗ് ബിഷ്ത് (23) ആണ് അറസ്റ്റിലായത്. കിഴക്കൻ ഡല്‍ഹിയിലെ ഷകർപൂരില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.
ഡല്‍ഹിക്കാരനായ തുഷാർ സോഷ്യല്‍ മീഡിയ വഴിയും ഡേറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലും യുഎസില്‍ നിന്നുള്ള മോഡല്‍ലെന്ന വ്യാജേനെയാണ് ഇരകളെ വലയിലാക്കി കൊണ്ടിരുന്നത്. ഏകദേശം എഴുന്നൂറോളം സ്ത്രീകളെയാണ് ഇയാള്‍ മോഡല്‍ എന്ന പേരില്‍ കബളിപ്പിച്ചത്. ബംബിള്‍, സ്‌നാപ്ചാറ്റ് അടക്കമുള്ള സോഷ്യല്‍ മീഡിയ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.ബംബിളിൽ 500 ഉം സ്നാപ്ചാറ്റിൽ 200 ഉം സ്ത്രീകളെ ഇയാൾ പറ്റിച്ചെന്നാണ് പൊലിസ് പറയുന്നത്.
സ്വന്തം ചിത്രത്തിന് പകരം അമേരിക്കൻ ബ്രസീലിയൻ മോഡലുകളുടെ ചിത്രമാണ് പ്രതി ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇന്ത്യ സന്ദർശിക്കുന്ന യുഎസില്‍ നിന്നുള്ള ഫ്രീലാൻസ് മോഡലായിട്ടാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. അടുപ്പത്തിലായ സ്ത്രീകളുടെ വിശ്വാസം നേടിയ ശേഷം അവരുടെ ഫോണ്‍ നമ്ബറുകളും ഫോട്ടോകളും വീഡിയോകളും സൗഹൃദത്തിൻ്റെ മറവില്‍ ആവശ്യപ്പെടുമായിരുന്നു.
പിന്നീട് ഇത്തരത്തില്‍ അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യുമെന്നും അല്ലെങ്കില്‍ ഡാർക്ക് വെബില്‍ വില്‍ക്കുമെന്നുമായിരുന്നു ഭീഷണികള്‍. 18-30 നും ഇടയിലുള്ള സ്ത്രീകളാണ് ഇരകളില്‍ ഭൂരിഭാഗം പേരുമെന്നും പോലീസ് പറഞ്ഞു.
ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിനി നല്‍കിയ പരാതിയാണ് തുഷാറിനെ കുടുക്കിയത്. ബംബിളിലുടെ പരിചയപ്പെട്ട ഇവരുടെ സൗഹൃദം പിന്നീട് സ്നാപ്ചാറ്റ്, വാട്ട്സ്‌ആപ്പ് ചാറ്റുകളിലേക്ക് മാറുകയായിരുന്നു. തുടർന്ന് എസിപി അരവിന്ദ് യാദവിൻ്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച ഡല്‍ഹി സൈബർ പോലീസിൻ്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.















