
ഒട്ടാവ: കാനഡയിലെ മിസ്സിസ്സാഗയിൽ ശ്രീരാമന്റെ 51 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വടക്കെ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയായ ഈ പ്രതിമ നിർമിച്ചിരിക്കുന്നത്. നാലുകൊല്ലം മുൻപ് ഡൽഹിയിൽ നിർമാണം ആരംഭിച്ച പ്രതിമയുടെ ഭാഗങ്ങൾ കാനഡയിലെത്തിച്ച ശേഷം കൂട്ടിച്ചേർക്കുകയായിരുന്നു. ടൊറന്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് വിമാനത്തിലിരുന്ന് പ്രതിമ കാണാനാകും.
നൂറ്റാണ്ടോളം പ്രതിമയ്ക്ക് കേടുപാട് സംഭവിക്കാതെ സംരക്ഷിക്കാൻ പ്രാപ്തമായ ചട്ടക്കൂട് കൊണ്ടാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനെ പ്രതിരോധിക്കാനും സാധിക്കും. പ്രതിമ സ്ഥാപിച്ചിരിക്കുന്ന ഏഴടി ഉയരമുള്ള പീഠം ഉൾപ്പെടാതെയാണ് 51 അടി ഉയരമെന്ന് ഹിന്ദു ഹെറിറ്റേജ് സെൻ്റർ സ്ഥിരീകരിച്ചു. ഒരു കുട കൂടി പ്രതിമയുടെ മുകളിൽ സ്ഥാപിക്കുമെന്നാണ് വിവരം. ഹരിയാണയിലെ മാനേസറിലെ മാതുറാം ആർട്ട് സെന്ററിലെ ശിൽപിയായ നരേഷ് കുമാർ പ്രതിമ രൂപകൽപനയും നിർമാണച്ചുമതലയും നിർവഹിച്ചു. ഇന്തോ-കാനേഡിയൻ ബിസിനസ്സുകാരനായ ലാജ് പ്രാഷേറാണ് പ്രതിമ കമ്മിഷൻ ചെയ്‌തത്.
ഓഗസ്റ്റ് മൂന്നിനാണ് ഹിന്ദു ഹെറിറ്റേജ് സെൻ്ററിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമയുടെ അനാച്ഛാദന ചടങ്ങ് നടന്നത്. ശ്രീരാമ പ്രതിമ കാണാനെത്തുന്ന എല്ലാ സന്ദർശകർക്കും ഊഷ്‌മളസ്വീകരണം ലഭിക്കുമെന്നും മേയർ എക്‌സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ വ്യക്തമാക്കി. അന്താരാഷ്ട്ര വ്യാപാര മന്ത്രി മനീന്ദർ സിദ്ദു, വനിത-ലിഗസമത്വ മന്ത്രി റെച്ചി വാൽഡെസ്, ട്രഷറി ബോർഡ് പ്രസിഡന്റ് ഷഫ്ഖാത് അലി തുടങ്ങിയവർ ഉൾപ്പെടെ കാനഡ രാഷ്ട്രീയരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.