
നോയിഡ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ് ഐ ആർ) ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാത്തതിന് 60 ബൂത്ത് ലെവൽ ഓഫിസർമാർക്കും (ബിഎൽഒ) 7 സൂപ്പർവൈസർമാർക്കും എതിരെ ഗ്രേറ്റർ നോയിഡ പൊലീസ് കേസെടുത്തു. ജില്ലാ കളക്ടർ ഡോ. മനീഷ് കുമാർ വർമയുടെ നിർദേശപ്രകാരമാണ് ജനപ്രാതിനിധ്യ നിയമം 1950 സെക്ഷൻ 32 പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സമയപരിധി കഴിഞ്ഞിട്ടും ജോലി പൂർത്തിയാക്കാത്തതാണ് കുറ്റം.
കേരളത്തിലും ഗുജറാത്തിലും പശ്ചിമബംഗാളിലും ഉൾപ്പെടെ എസ് ഐ ആർ ജോലിഭാരം സഹിക്കാനാവാതെ ബിഎൽഒമാർ ജീവനൊടുക്കിയ സംഭവങ്ങൾ പുറത്തുവന്നിരുന്നു. കേരളത്തിൽ പയ്യന്നൂരിലെ ബിഎൽഒ അനീഷ് ജോർജ് ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർക്കാണ് ജോലി സമ്മർദ്ദം മൂലം ദാരുണാന്ത്യം സംഭവിച്ചത്. ഇതിനിടെയാണ് ജോലി തീരാത്തതിന് ഉത്തർപ്രദേശിൽ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുത്തിരിക്കുന്നത്.
ജില്ലാ കളക്ടർമാർക്ക് മുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് ഇത്തരം നടപടികൾക്ക് കാരണമെന്ന് ഉദ്യോഗസ്ഥ സംഘടനകൾ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ നോയിഡയിലെ കേസ് രാജ്യവ്യാപകമായി ചർച്ചയായിട്ടുണ്ട്.












