
ന്യൂഡല്‍ഹി: ഗാസയില്‍ സമാധാന പുലരാനും ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനുമായി മധ്യസ്ഥ ശ്രമങ്ങളും തകൃതിയായി നടക്കുമ്പോഴും ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. താല്‍ക്കാലിക ടെന്റുകള്‍ക്കും അഭയാര്‍ഥി ക്യാംപുകള്‍ക്കും നേരെയായിരുന്നു ആക്രമണം. ഖാന്‍ യൂനിസിലാണ് ഏറ്റവും കൂടുതല്‍ ആളപായമുണ്ടായത്. 1948 ലെ പലായനത്തിന്റെ ഓര്‍മയ്ക്ക് പലസ്തീനുകാര്‍ ‘നഖ്ബ’ ആചരിക്കുന്ന ദിവസമായിരുന്നു ഇന്നലെ.
യുഎസും അറബ് രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍തുടരുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണവുമ തുടരുന്നത്. മാത്രമല്ല, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യപൂര്‍വദേശ സന്ദര്‍ശനത്തിനിടെയാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കില്‍ നടന്ന വെടിവയ്പില്‍ ഇസ്രയേല്‍ യുവതി കൊല്ലപ്പെട്ടിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ യുവതി പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം എന്നത് സ്ഥിതി കൂടുതല്‍ സംഘര്‍ഷഭരിതമാക്കി.