കേരള സ്കൂൾ കലോത്സവം ജനുവരി 14 മുതൽ തൃശൂരിൽ; ഉദ്ഘാടനം മുഖ്യമന്ത്രി, മോഹൻലാൽ സമാപന സമ്മേളനത്തിലെ മുഖ്യാതിഥി, ഷെഡ്യൂൾ പുറത്ത്

തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ 64-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ അരങ്ങേറും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും റവന്യൂ മന്ത്രി കെ. രാജനും ചേർന്ന് കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം ചെയ്തു. പ്രധാന വേദിയായ തേക്കിൻകാട് മൈതാനത്ത് ജനുവരി 14ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിയിക്കും. ഇരുപത്തിയഞ്ച് വേദികളിലായി നിരവധി മത്സര ഇനങ്ങൾ അരങ്ങേറും.

പ്രധാന വേദിയിൽ മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം തുടങ്ങിയവ പ്രദർശനത്തിനെത്തും. സംസ്കൃത കലോത്സവം ജവഹർ ബാലഭവനിലും അറബിക് കലോത്സവം സി.എം.എസ്. എച്ച്.എസ്.എസിലുമാണ് നടക്കുക. മത്സരാർഥികൾക്കും അതിഥികൾക്കുമായുള്ള ഭക്ഷണശാല പാലസ് ഗ്രൗണ്ടിലും രജിസ്ട്രേഷൻ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിലും പ്രോഗ്രാം ഓഫീസ് ഗവ. മോഡൽ ജി.വി.എച്ച്.എസ്.എസിലുമാണ് ഒരുക്കിയിരിക്കുന്നത്.

ജനുവരി 18 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മലയാള സിനിമയുടെ അഭിമാന താരം പത്മഭൂഷൺ മോഹൻലാൽ മുഖ്യാതിഥിയായെത്തും. സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ കലാപൈതൃകം ഉയർത്തിക്കാട്ടിക്കൊണ്ട് വിദ്യാർഥികളുടെ കലാവിരുന്നിന് രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റാനാണ് കലോത്സവം ലക്ഷ്യമിടുന്നത്.