
ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഹൂതികൾ കപ്പലുകൾക്ക് ഭീഷണി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ അതിശക്ത തിരിച്ചടിയിൽ കണ്ണീരിലാഴ്ന്ന് യെമൻ. മാർച്ച് 15 മുതൽ അമേരിക്കൻ സൈന്യം “റഫ് റൈഡർ” എന്ന പേരിൽ നടത്തുന്ന ഓപ്പറേഷനിൽ ഇന്ന് യെമനിലേക്ക് അമേരിക്ക അതിരൂക്ഷ വ്യോമാക്രമണമാണ് നടത്തിയത്. ഹൂതി ശക്തികേന്ദ്രമായ യെമനിലെ സാദയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 68 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് വിവരം.
ആഫ്രിക്കൻ കുടിയേറ്റ തടവുകാരെ പാർപ്പിച്ചിരുന്ന ജയിലിലാണ് ആക്രമണമുണ്ടായത്. അമ്പതിലേറെ പേർക്ക് ഗുരുതര പരിക്കേറ്റതായും ഹൂതി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 2022ൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇതേ കോമ്പൗണ്ടിൽ നടത്തിയ സമാനമായ ആക്രമണത്തില്‍ 66 തടവുകാർ കൊല്ലപ്പെടുകയും 113 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യെമന്‍ വഴി സൗദിയിലേക്ക് കുടിയേറാന്‍ ശ്രമിച്ച് പിടിയിലായവരെ പാർപ്പിച്ചിരുന്ന ജയിലില്‍, 115 ഓളം തടവുകാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നും ഹൂതി മന്ത്രാലയം അറിയിച്ചു. ചെങ്കടലിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന നിലയില്‍ ഇക്കഴിഞ്ഞ മാർച്ച് 15നാണ് അമേരിക്ക, ഹൂതികള്‍ക്കെതിരായ സൈനികനീക്കം ആരംഭിച്ചത്.
യെമനിലെ ആക്രമണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നില്ലെന്ന് അറിയിച്ചുകൊണ്ട് യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സിഗ്നൽ മെസേജിംഗ് ആപ്പ് ഉപയോഗിച്ചതിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതെന്നാണ് സൂചന. സൗദി അറേബ്യയിലും ഗള്‍ഫിലും തൊഴിലന്വേഷിച്ച് പോകുന്ന കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ യെമന്‍ വഴിയുള്ള കുടിയേറ്റ പാതയാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇവരെ പാർപ്പിച്ചിരിക്കുന്ന ഡിറ്റൻഷൻ സെന്‍ററുകൾക്കു നേരെയായിരുന്നു യുഎസ് ആക്രമണം.