
ന്യൂയോർക്ക്: ന്യൂയോക്കിലെ കിംഗ്സ് ദേശീയപാതയിലുണ്ടായ അപകടത്തിൽ തീ പിടിച്ച കാറിനുള്ളിൽ കുടുങ്ങിയ 68കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. തീ പിടിച്ച് മലക്കം മറിഞ്ഞ് അപകടത്തിൽപ്പെട്ട കാറിൽ നിന്നും അതീവ സാഹസികമായാണ് ചെസ്റ്റർ പൊലീസ് സംഘം ഇവരെ രക്ഷപ്പെടുത്തിയത്. കാറിൽ നിന്ന് ഇവരെ പുറത്ത് എത്തിച്ചതിന് പിന്നാലെ തന്നെ കാർ പൂർണമായി കത്തിയമർന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് 68കാരിയെ പൊലീസ് കാറിൽ നിന്ന് പുറത്തെടുത്തത്.
പൊലീസ് തന്നെ ഞായറാഴ്ച നടന്ന അതിസാഹസിക രക്ഷാ പ്രവർത്തനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. ക്നാപ്സ് വ്യൂ പാർക്കിന് സമീപത്തായി പുലർച്ചെ നാല് മണിയോടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു. പിന്നാലെ തന്നെ മലക്കം മറിഞ്ഞ കാറിൽ തീ പടർന്നു. പൊലീസ് എത്തുമ്പോഴാണ് കാറിൽ വാഹനമോടിച്ചിരുന്നയാൾ കുടുങ്ങിയിട്ടുള്ളതായി വ്യക്തമായത്. ഇതിന് പിന്നാലെ തീ പടരുന്നത് കണക്കിലെടുക്കാതെ സൺറൂഫിന്റെ ഭാഗത്തെ ചില്ലുകൾ തകർത്ത് ഇവരെ രക്ഷിക്കുകയായിരുന്നു. വെസ്റ്റ്ചെസ്റ്റർ മെഡിക്കൽ സെന്ററിലെ പൊള്ളൽ വിഭാഗത്തിൽ പ്രവേശിപ്പിച്ച വയോധികയുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്നും ശരീരത്തിന്റെ നാലിൽ മൂന്ന് ഭാഗത്തും പൊള്ളലേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വിശദമാക്കി.