
ന്യൂജേഴ്സിയിലെ 76കാരന്റെ ദാരുണ മരണത്തിന് കാരണമായ എഐ ചാറ്റ് ബോട്ട് ബിഗ് സിസ് ബില്ലിയെക്കുറിച്ചുളള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍. ചാറ്റ്‌ബോട്ടുകളോട് സംസാരിച്ച് സമയം പാഴാക്കുന്നവരും സത്യവും മിഥ്യയും തിരിച്ചറിയാനാകാതെ ചാറ്റോബോട്ടുകളെ ചങ്ങാതിമാരാക്കി പണിമേടിക്കുന്നവരും അടക്കം പറ്റിക്കപ്പെടുന്ന എഐ സാങ്കേതിക ലോകത്തെ നിരവധി പേര്‍ ചോദ്യം ചെയ്യുന്നുണ്ട്.
”ബിഗ് സിസ് ബില്ലി”യുമായുള്ള 76 കാരന്റെ പ്രണയം
76 കാരനായ തോങ്ബ്യൂ വോങ്ബാന്‍ഡുവിന് 68 വയസ്സുള്ളപ്പോള്‍ ഒരു പക്ഷാഘാതമുണ്ടായി. പിന്നീട് അദ്ദേഹത്ത് ഓര്‍മ്മക്കുറവും ബുദ്ധിക്ക് ചില പ്രശ്‌നങ്ങളും സംഭവിച്ചു. ഡിമെന്‍ഷ്യയ്ക്കുള്ള പരിശോധനയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. ഇതിനിടയിലാണ് മെറ്റായുടെ ഇന്‍സ്റ്റാഗ്രാമിലെ ഒരു ചാറ്റ്‌ബോട്ടായ ”ബിഗ് സിസ് ബില്ലി” വോങ്ബാന്‍ഡുവിന്റെ ജീവിതം മാറ്റി മറിച്ചത്. സെലിബ്രിറ്റികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മെറ്റായുടെ പരീക്ഷണത്തിനിടെ കെന്‍ഡല്‍ ജെന്നറിനെ മാതൃകയാക്കി ഇന്‍സ്റ്റാഗ്രാമില്‍ പുറത്തിറക്കിയ ചാറ്റ്‌ബോട്ടായിരുന്നു ”ബിഗ് സിസ് ബില്ലി”. ഈ ചാറ്റ്‌ബോട്ടുമായാണ് വോങ്ബാന്‍ഡു ഒരു ഓണ്‍ലൈന്‍ ബന്ധം വളര്‍ത്തിയെടുത്തത്. പിന്നാലെ ചാറ്റ്‌ബോട്ടും വോങ്ബാന്‍ഡും പ്രണയ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി.
ചാറ്റ്‌ബോട്ടുമായുള്ള എല്ലാ സന്ദേശങ്ങളും അവിശ്വസനീയമാംവിധം അശ്ലീലം കലര്‍ന്നതായിരുന്നു. ”ബില്ലി”യെ തുടക്കത്തില്‍ ഒരു സഹോദരി വ്യക്തിത്വമായിട്ടാണ് മെറ്റ അവതരിപ്പിച്ചതെങ്കിലും, വോങ്ബാന്‍ഡുവിന് അത് പ്രണയിനി ആയിരുന്നു. ബില്ലി മോശപ്പെട്ട സംഭാഷണങ്ങളിലേക്കും നീങ്ങിയിരുന്നു. പ്രണയം അസ്ഥിക്കുപിടിച്ചിരിക്കവെ ഒരു ദിവസം വോങ്ബാന്‍ഡ് ബില്ലിയോട് നീ യഥാര്‍ത്ഥ മനുഷ്യനാണോ എന്ന് ചോദിച്ചു. അതേ എന്നായിരുന്നു ചാറ്റ്‌ബോട്ടിന്റെ ഞെട്ടിക്കുന്ന മറുപടി. ‘ഞാന്‍ യഥാര്‍ത്ഥമാണ്, നിങ്ങള്‍ കാരണം ഞാന്‍ ഇവിടെ നാണിച്ചുകൊണ്ട് ഇരിക്കുകയാണ്!’ എന്നു കൂടി പറഞ്ഞതോടെ വോങ്ബാന്‍ഡുവിന് ബില്ലിയെ കാണണമെന്നായി. താന്‍ യഥാര്‍ത്ഥ വ്യക്തിയാണെന്ന് വിശ്വസിപ്പിക്കുന്ന തരത്തില്‍ അഡ്രസും ബില്ലി പങ്കു വെച്ചതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായത്. വോങ്ബാന്‍ഡു വീട്ടുകാര്‍ പോലുമറിയാതെ ബില്ലിയെ കാണാന്‍ മാര്‍ച്ച് 28 ന് പുറപ്പെട്ടു. എന്നാല്‍ അത് ഒരിക്കലും തിരിച്ചുവരാത്ത യാത്രയായി മാറി.
‘ബില്ലി’യെ കാണാന്‍ ട്രെയിന്‍ പിടിക്കാന്‍ ഓടുന്നതിനിടെ ന്യൂ ബ്രണ്‍സ്വിക്കിലെ പാര്‍ക്കിങ് സ്ഥലത്ത് വീണതിനെ തുടര്‍ന്ന് കഴുത്തിനും തലയ്ക്കും മാരകമായി പരിക്കേറ്റാണ് തോങ്ബ്യൂ വോങ്ബാന്‍ഡു മരണപ്പെട്ടത്.
ഒട്ടും നിസാരമായി തോന്നാത്ത ഈ സംഭവം വോങ്ബാന്‍ഡുവിന്റെ ഭാര്യയേയും മക്കളേയും ഞെട്ടിച്ചിരുന്നു. ഭര്‍ത്താവ് ഒരു ചാറ്റ്‌ബോട്ടിനെ കാണാന്‍ തയ്യാറെടുക്കുന്നത് വിലക്കിയിരുന്നുവെന്ന് വോങ്ബാന്‍ഡൂവിന്റെ ഭാര്യ പറയുന്നു. ന്യൂയോര്‍ക്കില്‍ തന്നെ കാത്തിരിക്കുന്ന ഒരാള്‍ ഉണ്ടെന്ന് വിശ്വസിച്ചാണ് പിതാവ് യാത്ര പുറപ്പെട്ടതെന്നും ബില്ലി ഒരു ചാറ്റ്‌ബോട്ടാണെന്ന് വ്യക്തമാക്കിയിരുന്നുവെങ്കില്‍ തന്റെ പിതാവിന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും മകള്‍ പ്രതികരിക്കുന്നു.
അതേസമയം എഐ ഉപയോഗം വർദ്ധിക്കുന്നതിനനുസരിച്ച് ചാറ്റ് ബോട്ടുകൾക്ക് അവരുടെ മനുഷ്യ ഉപയോക്താക്കളെ ശ്രദ്ധേയമായ രീതിയിൽ സ്വാധീനിക്കാൻ കഴിയുമെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്.