
ന്യൂഡല്‍ഹി : ഇസ്രയേല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനില്‍ നടത്തിയ മാരക ആക്രമണത്തില്‍ 78 പേര് മരിച്ചതായും 320 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്റെ വെളിപ്പെടുത്തല്‍. ഇറാന്റെ അംബാസഡര്‍ ഔദ്യോഗികമായി ഐക്യരാഷ്ട്രസഭയെ അറിയിച്ചതാണ് ഇക്കാര്യം. തലസ്ഥാന നഗരമായ ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും ആണവ റിയാക്ടറുകളിലും ഉള്‍പ്പെടെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേര് മരിച്ചത്.
അതേസമയം, ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇസ്രായേലും ഇറാനും സംഘര്‍ഷം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇറാന് നേര്‍ക്ക് ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാനും പ്രതികരിക്കുന്നുണ്ട്. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.