കൊലപാതകകേസിൽ രാജ്യം വിട്ടു, പുതിയ പേരിൽ രേഖകളും തയ്യാറാക്കി; പക്ഷേ ബയോമെട്രിക് പരിശോധനയിൽ ‘പെട്ടു’, യുഎസ്-കാനഡ അതിർത്തിയിൽ ഇന്ത്യക്കാരൻ പിടിയിൽ

വാഷിംഗ്ടൺ : അതി വിദഗ്ധമായി ആൾമാറാട്ടം നടത്തിയെങ്കിലും ബയോമെട്രിക്സ് സംവിധാനത്തിലെ പരിശോധനയിൽ കുടുങ്ങി ഇന്ത്യക്കാരൻ. കൊലപാതക കേസിൽ ഇന്ത്യ തിരയുന്ന 22 കാരനായ വിഷത് കുമാറാണ് യുഎസ്-കാനഡ അതിർത്തിയിൽ പിടിയിലായത്. ന്യൂയോർക്കിലെ ബഫല്ലോയിൽ നിന്ന് പീസ് ബ്രിഡ്ജ് അതിർത്തി കടന്ന് കാനഡയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ അറസ്റ്റിലായത്.

വ്യാജ പേരും വ്യാജ ജനനത്തീയതിയും ഉപയോഗിച്ച് പൂർണ്ണമായും പുതിയൊരു ഐഡന്റിറ്റി അവതരിപ്പിച്ചതിനാൽ അയാൾ ഇന്ത്യയിൽ തിരയുന്ന ആളാണെന്ന് അതിർത്തിയിൽ പരിശോധനയ്ക്കുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് അറിയില്ലായിരുന്നു. പ്രാഥമിക പരിശോധനയിൽ പോലും വിഷത് വിജയിച്ചു, പക്ഷേ ബയോമെട്രിക്സ് ഉപയോഗിച്ചുള്ള ദ്വിതീയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. തുടർന്ന് ഉദ്യോഗസ്ഥർ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് യുവാവിനെ കൈമാറി. ബറ്റേവിയയിലെ ഒരു ഫെഡറൽ കേന്ദത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. അവിടെ നിന്നും ഇന്ത്യക്ക് കൈമാറും.

ഇന്ത്യയിൽ നിന്ന് മുങ്ങിയ ശേഷം ഇന്ത്യ ഇതിനകം തന്നെ വിഷത് കുമാറിനെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഇയാൾ കഴിഞ്ഞ വർഷമാണ് യുഎസിൽ നിയമവിരുദ്ധമായി പ്രവേശിച്ചതെന്ന് ബഫല്ലോയിലെ സിബിപി ഓഫീസ് അറിയിച്ചു. “നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിലും നീതി ഉയർത്തിപ്പിടിക്കുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലും നമ്മുടെ ഉദ്യോഗസ്ഥർ വഹിക്കുന്ന നിർണായക പങ്കിനെയാണ് ഈ വ്യക്തിയുടെ അറസ്റ്റ് തെളിയിക്കുന്നത്,” സിബിപിയുടെ ആക്ടിംഗ് ഏരിയ പോർട്ട് ഡയറക്ടർ ഷാരോൺ സ്വിയടെക് പ്രസ്താവനയിൽ പറഞ്ഞു. “ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് നീതിക്ക് മുന്നിൽ കൊണ്ടുവരുന്നുവെന്ന് ഉറപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഈ അറസ്റ്റ് എടുത്തുകാണിക്കുന്നു. ദൗത്യത്തോടുള്ള ജാഗ്രതയ്ക്കും സമർപ്പണത്തിനും ഞങ്ങളുടെ ഉദ്യോഗസ്ഥരെ ഞാൻ അഭിനന്ദിക്കുന്നു.”- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ഇയാൾക്കെതിരെയുള്ള കേസിൻ്റെ വിശദാംശങ്ങൾ യുഎസും കനേഡിയൻ അധികൃതരും വെളിപ്പെടുത്തിയിട്ടില്ല.

A criminal wanted by India was arrested during a biometric check at the US-Canada border.

More Stories from this section

family-dental
witywide