ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്; താൻ ദുബായ്യിൽ ഉണ്ടെന്ന് മുഖ്യപ്രതിയെന്ന് സംശയിക്കുന്ന യുവാവ്, കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും വീഡിയോ സന്ദേശം

ന്യൂഡൽഹി : ബംഗ്ലാദേശിലെ വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ ഫൈസൽ കരീം മസൂദ് താൻ ദുബായിലുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും താൻ ഇപ്പോൾ ദുബായിലാണെന്നും വ്യക്തമാക്കുന്ന വീഡിയോ സന്ദേശമാണ് ഫൈസൽ കരീം മസൂദ് പുറത്തുവിട്ടിരിക്കുന്നത്. തെളിവായി തന്റെ യു.എ.ഇ വിസയും അദ്ദേഹം വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയാണ് ഈ കൊലപാതകത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

“ഞാൻ ഫൈസൽ കരീം മസൂദ് ആണ്. ഹാദിയുടെ കൊലപാതകത്തിൽ എനിക്ക് ഒരു തരത്തിലും പങ്കില്ലെന്ന് ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. ഈ കേസ് പൂർണ്ണമായും തെറ്റാണ്, കെട്ടിച്ചമച്ച ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ളതാണ്,” മസൂദ് സന്ദേശത്തിൽ പറഞ്ഞു. “ഈ തെറ്റായ സൂചന കാരണം, ഞാൻ രാജ്യം വിട്ട് ദുബായിലേക്ക് വരാൻ നിർബന്ധിതനായി. അഞ്ച് വർഷത്തെ സാധുവായ മൾട്ടിപ്പിൾ എൻട്രി ദുബായ് വിസ കൈവശം വച്ചിട്ടും വളരെ പ്രയാസപ്പെട്ടാണ് ഞാൻ ഇവിടെ എത്തിയത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികൾ മേഘാലയ വഴി ഇന്ത്യയിലേക്ക് കടന്നുവെന്നായിരുന്നു ബംഗ്ലാദേശ് പൊലീസ് നേരത്തെ അറിയിച്ചിരുന്നത്. ഫൈസൽ കരീം മസൂദ്, ആലംബീർ ഷെയ്ഖ് എന്നിവർ ഇന്ത്യയിലുണ്ടെന്നായിരുന്നു അവരുടെ നിഗമനം. എന്നാൽ, പ്രതികൾ ഇന്ത്യയിലേക്ക് കടന്നുവെന്ന ബംഗ്ലാദേശ് പൊലീസിന്റെ റിപ്പോർട്ടുകൾ ഇന്ത്യൻ ഏജൻസികളും ബി.എസ്.എഫും (BSF) തള്ളിയിരുന്നു. പ്രതി ദുബായിൽ നിന്ന് വീഡിയോ പുറത്തുവിട്ടതോടെ ഇന്ത്യയുടെ വാദം ശരിവെക്കപ്പെട്ടിരിക്കുകയാണ്.

ഡിസംബർ 12-ന് ധാക്കയിൽ വെച്ചാണ് ഉസ്മാൻ ഹാദിക്ക് വെടിയേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെ ഡിസംബർ 18-ന് അദ്ദേഹം മരിച്ചു. ഈ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിയെ ബംഗ്ലാദേശ് അധികൃതർ തന്നെ രാജ്യം വിടാൻ സഹായിച്ചതാകാമെന്നും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.

A crucial turning point in the murder of Usman Hadi

More Stories from this section

family-dental
witywide