
അമേഠി : ഉത്തര്‍പ്രദേശിലെ അമേഠിയിലുള്ള ഒരു ഗ്രാമത്തില്‍ 2,500 രൂപയോളം ശമ്പളം ആവശ്യപ്പെട്ടതിന് ഒരു ദളിത് കര്‍ഷകത്തൊഴിലാളിയെ തല്ലിക്കൊന്നു. ഭൂവുടമയും കൂട്ടാളികളും ചേര്‍ന്നാണ് പ്രസാദ് എന്ന കര്‍ഷകത്തൊഴിലാളിയെ തല്ലിക്കൊന്നതെന്ന് ഇരയുടെ കുടുംബം ആരോപിച്ചു.
40 കാരനായ പ്രസാദിനെ ഒക്ടോബര്‍ മാസം പകുതിയോടെയാണ് ഭൂവുടമ ശുഭം സിംഗും മൂന്ന് കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ചേര്‍ന്ന് അവരുടെ വയലില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചു കൊണ്ടുപോയതെന്നും പിന്നാലെയാണ് ദാരുണമായി കൊലപ്പെടുത്തിയതെന്നും ഭാര്യ കീര്‍ത്തി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 350 രൂപ ദിവസ വേതനം നല്‍കാമെന്ന് പറഞ്ഞാണ് ഭൂവുടമ തന്റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുപോയതെന്നും എന്നാല്‍ പ്രസാദ് അവിടെ ഒരാഴ്ച ജോലി ചെയ്‌തെങ്കിലും ശമ്പളം ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഒക്ടോബര്‍ 26 ന്, പ്രസാദ് കൂലി ആവശ്യപ്പെട്ട് ഭൂവുടമയെ കാണാന്‍ പോയെന്നും പക്ഷേ അവര്‍ തന്റെ ഭര്‍ത്താവിന് അടിച്ച് അവശനാക്കിയെന്നും കീര്‍ത്തി പറഞ്ഞു. ബോധരഹിതനായ പ്രസാദിനെ ഒരു ജീപ്പില്‍ കൊണ്ടുവന്ന് ഞങ്ങളുടെ വീട്ടിന്റെ വാതിലിനടുത്തേക്ക് വലിച്ചെറിഞ്ഞു,’ അവര്‍ കൂട്ടിച്ചേര്‍ത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. പ്രസാദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഞായറാഴ്ച ലഖ്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍വെച്ചാണ് പ്രസാദ്് മരിച്ചത്.
പ്രസാദിന്റെ മരണത്തിനു പിന്നാലെ ഉന്നത ജാതിക്കാരനായ ഭൂവുടമ ശുഭം സിംഗ് അറസ്റ്റിലായി. എന്നാല്‍ ആദ്യം മറ്റുപ്രതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയോ പ്രതി ചേര്‍ക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, കൊലപാതകക്കുറ്റത്തിനല്ല ശുഭം സിംഗിനെതിരെ കേസെടുത്തിരിക്കുന്നതെന്നും ഇരയുടെ കുടുംബം പറയുന്നു. ആള്‍ക്കൂട്ടക്കൊലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ, സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസ് നാല് പേരെക്കൂടി അറസ്റ്റ് ചെയ്തത്. കേസ് മാധ്യമശ്രദ്ധ നേടിയതോടെയാണ് കൊലപാതക കുറ്റം ചുമത്തിയത്.
‘കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂര്‍വമല്ലാത്ത നരഹത്യ’ എന്ന കുറ്റമാണ് ഭൂവുടമയ്‌ക്കെതിരെ ആദ്യം ചുമത്തിയതെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
‘മൃതദേഹം റോഡരികില്‍ വെച്ചുകൊണ്ട് ഞങ്ങള്‍ ഒരു ധര്‍ണ സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പക്ഷേ പൊലീസ് ഞങ്ങളെ ഭീഷണിപ്പെടുത്തി, അന്ത്യകര്‍മങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചുവെന്നും ഇരയുടെ ബന്ധുവായ മനീഷ് പ്രസാദ് പറഞ്ഞു. സമാന രീതിയില്‍ ഉത്തര്‍പ്രദേശിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ദലിതര്‍ക്കെതിരായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
A Dalit farm worker was beaten to death in Amethi for demanding Rs 2,500 as wages.















