
ന്യൂഡല്‍ഹി: മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയ യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടാക്കിയത് ആകെ പൊല്ലാപ്പ്. ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ 6ഇ6571 വിമാനത്തില്‍ ഇന്നലെയായിരുന്നു സംഭവം. 31ഡി സീറ്റിലിരുന്ന യാത്രക്കാരന്‍ വിമാനത്തില്‍ കയറിയതിനുപിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാന്‍ ആവശ്യപ്പെട്ട് ബഹളം വച്ചു. ക്യാബിന്‍ ക്രൂവിനോടും സഹ യാത്രികരോടും ഇയാള്‍ മോശമായി പെരുമാറി. യാത്രക്കാരനെ കൊല്‍ക്കത്തയില്‍ എത്തിയതിനുപിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയെന്ന് ഇന്‍ഡിഗോ അറിയിച്ചു.
അഭിഭാഷകനായ വ്യക്തിയാണ് പിടിയിലായത്. അതേസമയം, ഹര ഹര മഹാദേവ എന്ന ചൊല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്തതേയുള്ളൂവെന്നും താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഇയാള്‍ പറയുന്നു. ഇയാളും ജീവനക്കാരും പരസ്പരം പരാതി നല്‍കിയിരിക്കുകയാണ്.