വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിൻ്റെ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ശ്രമം ഭരണഘടനാ വിരുദ്ധമാണോ എന്നതിൽ വിധി പറഞ്ഞ് ഫെഡറൽ അപ്പീൽ കോടതിയും. ജന്മാവകാശ പൗരത്വം ഗണ്യമായി കുറയ്ക്കുന്നതിനായി പ്രസിഡന്റ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പിലാക്കുന്നതിൽ നിന്ന് സർക്കാരിനെ തടഞ്ഞ ബോസ്റ്റൺ ജില്ലാ കോടതിയുടെ ഇൻജക്ഷൻ, ഫസ്റ്റ് സർക്യൂട്ട് കോടതി ഓഫ് അപ്പീൽസ് ശരിവച്ചു.
യുഎസിൽ ജനിച്ച ആളുകൾ അവരുടെ മാതാപിതാക്കളുടെ കുടിയേറ്റ നില പരിഗണിക്കാതെ തന്നെ ജന്മവകാശ പൗരന്മാരാണെന്ന് അപ്പീൽ കോടതി വിധിച്ചു. സംസ്ഥാനങ്ങൾക്ക് അനുകൂലമായും ട്രംപ് ഭരണകൂടത്തിന് പ്രതികൂലവുമായാണ് ഫെഡറൽ അപ്പിൽ കോടതിയുടെ വിധി. ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള പ്രസിഡന്റിന്റെ ശ്രമത്തെ ചോദ്യം ചെയ്യുന്ന മറ്റ് കേസുകളും കോടതിയുടെ പരിഗണനയിലാണ്.
ട്രംപ് അധികാരമേറ്റ ആദ്യ ആഴ്ചയിൽ തന്നെ, രേഖകളില്ലാത്ത കുടിയേറ്റക്കാരുടെയോ താൽക്കാലിക വിസ ഉടമകളുടെയോ കുട്ടികൾക്ക് ജന്മാവകാശ പൗരത്വം നൽകുന്നത് നിർത്തലാക്കാൻ ശ്രമിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചിരുന്നു. 1868-ൽ അംഗീകരിച്ച ഭരണഘടനയുടെ 14-ാം ഭേദഗതി അനുസരിച്ച്, യുഎസ് മണ്ണിൽ ജനിച്ച എല്ലാവർക്കും, അവരുടെ മാതാപിതാക്കൾ നിയമവിരുദ്ധമായോ താൽക്കാലികമായോ രാജ്യത്ത് താമസിക്കുന്നുണ്ടെങ്കിൽ പോലും, സ്വയമേവ പൗരത്വം നൽകുന്നതായി വളരെക്കാലമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങളിലെ ഫെഡറൽ ജഡ്ജിമാർ ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത് തടഞ്ഞിരുന്നു.














