മലയാള സാഹിത്യത്തിന് തീരാനോവ്; പ്രൊഫ. എം.കെ സാനു അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ചിന്തകനും സാഹിത്യവിമർശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു (98) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടിൽ വീണ് ഇടുപ്പെല്ലിന് പൊട്ടലുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

തുടർന്ന് ശ്വാസ തടസ്സവും ന്യൂമോണിയയും ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അമൃത ആശുപത്രിയിൽ നിന്ന് നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം.

നാലു വർഷത്തോളം സ്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അധ്യാപനായി പ്രവർത്തിച്ചിരുന്നു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ൽ അധ്യാപനത്തിലും നിന്ന് വിരമിച്ചു. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു.

ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ, പി.കെ.ബാലകൃഷ്‌ണൻ എന്നിവരുടെ ജീവചരിത്രങ്ങൾ രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനമാണ് ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥം.

കർമഗതി എന്നാണ് ആത്മകഥയുടെ പേര്. 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകൾ നേടിയിട്ടുണ്ട്.

More Stories from this section

family-dental
witywide