
യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ ഡോക്ടർക്കെതിരെ കേസ് എടുത്തു. സുമയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡോക്ടർ രാജീവ് കുമാറിനെതിരെയാണ് ഐപിസി 336, 338 എന്നീ വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഉത്തരവാദികൾ ആയിട്ടുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്കുണ്ടായ ദുരനുഭവത്തിൽ നഷ്ടപരിഹാരം വേണമെന്നാണ് സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം.
സംഭവത്തിൽ ഡി എം ഒ യ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും സുമയ്യ പരാതി നൽകിയിട്ടുണ്ട്. സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം.ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാജീവ് കുമാറിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ഗൈഡ് വയർ കുടുങ്ങിയതു കൊണ്ട് മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും പരാതി ലഭിച്ചാൽ നടപടിയെടുക്കാമെന്നുമായിരുന്നു ആരോഗ്യ വകുപ്പിന്റെ വിശദീകരണം. തുടർന്ന് കൻ്റോൺമെൻ്റ് പൊലീസിൽ സുമയ്യയുടെ സഹോദരൻ പരാതി നൽകുകയായിരുന്നു.