
തിരുവനന്തപുരം: തിരുവനന്തപുരം കവടിയാർ ജവഹർ നഗറിൽ അമേരിക്കയിലുള്ള സ്ത്രീയുടെ ഉടമസ്‌ഥതയിലുള്ള വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തു. വസ്തുവിന്റെ മേൽനോട്ടത്തിന് ഉടമ ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയർടേക്കർ കരം അടയ്ക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഒന്നരക്കോടി രൂപയ്ക്ക് വസ്തു വിറ്റ ഈ തട്ടിപ്പിന് പിന്നിൽ ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ട വൻ സംഘമാണെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിൽ രണ്ടു സ്ത്രീകളെയും പണം വാഗ്ദാനം ചെയ്ത്‌ത് തട്ടിപ്പിൽ സംഘം പങ്കാളികളാക്കി എന്നാണ് പൊലീസ് കരുതുന്നത്.
വീടും സ്ഥലവും വിറ്റ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് കേസിൽ സ്വകാര്യ സ്‌ഥാപനത്തിലെ ഉദ്യോഗസ്ഥ കൊല്ലം അലയമൺ മണക്കാട് പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ്(27), വട്ടപ്പാറ കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടു വീട്ടിൽ വസന്ത (76) എന്നിവരാണ് അറസ്‌റ്റിലായത്. ഡോറ അസറിയ ക്രിപ്സ്‌സ് എന്ന സ്ത്രീയുടെ ഉടമസ്‌ഥതയിലുള്ള വീടും സ്‌ഥലവും ഡോറയുടെ വളർത്തു മകളെന്ന വ്യാജേന മെറിൻ്റെ പേരിൽ റജിസ്റ്റർ ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.തട്ടിപ്പിനായി ഡോറയോട് മുഖസാദൃശ്യമുള്ള വസന്തയെ സംഘം കണ്ടെത്തുകയും തുടർന്ന്വസന്ത ശാസ്തമംഗലം റജിസ്ട്രാർ ഓഫിസിൽ ഡോറയായി എത്തി പ്രമാണ റജിസ്ട്രേഷൻ നടത്തി മെറിന് വസ്തു കൈമാറുകയും ചെയ്യുകയാണ് ഉണ്ടായത്.
മെറിനും വസന്തയ്ക്കും തമ്മിൽ പരിചയമുണ്ടായിരുന്നില്ല. ഈ വസ്തു ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനൻ എന്നയാൾക്ക് മെറിൻ വിലയാധാരം എഴുതി കൊടുത്തു. മെറിനെ ജോലി ചെയ്യുന്ന സ്വകാര്യ സ്‌ഥാപനത്തിൽ പരിചയപ്പെട്ട കുടുംബ സുഹൃത്താണ് തട്ടിപ്പ് സംഘത്തിലേക്ക് എത്തിച്ചതെന്നു കണ്ടെത്തി. തട്ടിപ്പിനായി മെറിന്റെ ആധാർകാർഡ് വ്യാജമായി ഉണ്ടാക്കിയിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിൻ പിടിയിലായത്.