നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: മൂന്നുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്ത കസ്ബയിലുളള ലോ കോളേജിലെ നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ കോളേജിൻ്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ രണ്ടുപേര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥികളും ഒരാള്‍ പൂര്‍വ വിദ്യാര്‍ത്ഥിയുമാണ്. ജൂണ്‍ 25-ന് രാത്രി 7.30 നും 10.50 -നും ഇടയിൽ കോളേജ് കെട്ടിടത്തിനുളളില്‍വെച്ചാണ് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കസ്ബ പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ അതിജീവിതയുടെ പ്രാഥമിക വൈദ്യപരിശോധന നടത്തുകയും സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. സ്ഥലത്ത് ഫോറന്‍സിക് പരിശോധന ഉടന്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു. നിലവില്‍ പൊലീസ് കസ്റ്റഡിയിലായ മൂന്ന് പ്രതികളെയും ജൂലൈ ഒന്നുവരെ പൊലീസ് കസ്റ്റഡിയില്‍ തന്നെ വിട്ടു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നും പൊലീസാണ് പൂര്‍ണ ഉത്തരവാദികളെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. നിയമവിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായ സംഭവം ഭയാനകമാണ്. ബിജെപി ഇരയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും കൂടെ നിലകൊളളുന്നുവെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. കുറ്റകൃത്യം ചെയ്തത് മുന്‍ കോളേജ് വിദ്യാര്‍ത്ഥിയും രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാർത്ഥി സംഘടനാ അംഗമാണ് പ്രധാന പ്രതി. പശ്ചിമബംഗാളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടരുകയാണെന്നും മമതാ സര്‍ക്കാര്‍ പശ്ചിമബംഗാളിനെ സ്ത്രീകളുടെ പേടിസ്വപ്‌നമാക്കി മാറ്റിയെന്നും അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide