പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞു : കര്‍ണാടകയില്‍ അതിദാരുണ അപകടം, 10 മരണം

ബംഗളൂരു: കര്‍ണാടകയില്‍ അതിദാരുണമായ വാഹനാപകടത്തില്‍ 10 പേര്‍ മരിച്ചു. കര്‍ണാടകയിലെ യെല്ലാപുരയില്‍ നിയന്ത്രണം വിട്ട പച്ചക്കറിലോറി മറിഞ്ഞാണ് അപകടമുണ്ടായത്. അപകട സമയത്ത് ലോറിയില്‍ 25 പേരുണ്ടായിരുന്നു. ബാക്കിയുള്ള 15 പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

മരിച്ചവരെല്ലാം പഴക്കച്ചവടക്കാരായിരുന്നു. സവനൂരില്‍ നിന്ന് പുറപ്പെട്ട ഇവര്‍ യെല്ലാപുര മേളയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പോകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സവനൂര്‍-ഹുബ്ബള്ളി റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു വനപ്രദേശത്താണ് അപകടം നടന്നത്. ട്രക്ക് 50 മീറ്റര്‍ ആഴമുള്ള താഴ്വരയിലേക്ക് മറിഞ്ഞതായി ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട് എം നാരായണ പറഞ്ഞു.