ജെറ്റ്‌ബ്ലൂ വിമാനത്തിൽ നടന്ന ഹൃദയസ്പർശിയായ ഒരു നിമിഷം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജെറി ഒജെഡ എന്നയാൾ മൂന്ന് വർഷം മുൻപ് എടുത്ത ഒരു വീഡിയോ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതാണ് ശ്രദ്ധ നേടുന്നത്. വീഡിയോയിൽ, നാല് വയസുള്ള മകൾ ട്രിനിറ്റിയെ ജെറ്റ്‌ബ്ലൂ പൈലറ്റ് പ്രീ–ഫ്ലൈറ്റ് പ്രഖ്യാപനം നടത്താൻ ക്ഷണിക്കുന്നതാണ് കാണുന്നത്.
പൈലറ്റിന്റെ സഹായത്തോടെ ആത്മവിശ്വാസത്തോടെ പ്രഖ്യാപനം നടത്തുന്ന കുഞ്ഞ് ട്രിനിറ്റിയെ സഹയാത്രക്കാർ ശ്രദ്ധയോടെ കേൾക്കുകയും തുടർന്ന് കൈയ്യടികളോടെ അഭിനന്ദിക്കുകയും ചെയ്യുന്നു.
വീഡിയോയ്‌ക്കൊപ്പം ഒജെഡ പങ്കുവെച്ച കുറിപ്പിൽ ആ നിമിഷത്തിന്റെ പശ്ചാത്തലവും വ്യക്തമാക്കുന്നുണ്ട്. “ഫോർട്ട് മയർസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്ര ഞങ്ങൾ ഒരിക്കലും മറക്കില്ല. മൂന്ന് വർഷം മുൻപ്, ട്രിനിറ്റി നാല് വയസുള്ളപ്പോൾ, ഒരു ജെറ്റ്‌ബ്ലൂ പൈലറ്റ് അവളെ പ്രീ–ഫ്ലൈറ്റ് പ്രഖ്യാപനം നടത്താൻ ക്ഷണിച്ചു. അത് ഞങ്ങളുടെ അവധി യാത്രയെ മാത്രമല്ല, വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ഒരു പ്രത്യേക നിമിഷത്തിന്റെ ഭാഗമാക്കി,” എന്നാണ് അദ്ദേഹം കുറിച്ചത്.
കൂടാതെ, “ജെറ്റ്‌ബ്ലൂയെ വേറിട്ടുനിര്‍ത്തുന്നത് ഇതാണ്. ഇത് വെറും യാത്രയല്ല, ഹൃദയവും മാനുഷികതയും ആകാശത്ത് ഓർമ്മകൾ സൃഷ്ടിക്കുന്ന അനുഭവമാണ്. ഒരു ചെറിയ നടപടി അനേകം പേരുടെ യാത്രയെ, പ്രത്യേകിച്ച് ട്രിനിറ്റിയുടെ യാത്രയെ, മറക്കാനാകാത്തതാക്കി. ആകാശത്ത് മാജിക് സൃഷ്ടിച്ചതിന് നന്ദി,” എന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജെറ്റ്‌ബ്ലൂ എയർലൈൻസിൻ്റെ ശ്രദ്ധയും നേടി. എയർലൈന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് “ഇത് അതിശയകരമാണ്” എന്ന് കമന്റിൽ പ്രതികരിച്ചു. അതേസമയം, സോഷ്യൽ മീഡിയയിൽ നിരവധി പേർ ഈ സംഭവത്തെ പ്രശംസിച്ച് രംഗത്തെത്തി. “ഇത് കണ്ടപ്പോൾ ശരീരം മുഴുവൻ കുളിരേറി; അവൾ ഇത് ഒരിക്കലും മറക്കില്ല,” എന്നായിരുന്നു ഒരാളുടെ പ്രതികരണം.
“എത്ര മനോഹരമായ നിമിഷം. യാത്രക്കാർ കൈയ്യടിച്ചതാണ് ഏറ്റവും നല്ല ഭാഗം,” എന്ന് മറ്റൊരാൾ കുറിച്ചു. “മാജിക്കൽ നിമിഷങ്ങൾ സൃഷ്ടിക്കാൻ ജെറ്റ്‌ബ്ലൂക്ക് അറിയാം,” എന്നും അഭിപ്രായമുയർന്നു. “കരുണയുടെ ശക്തിയാണിത്; ചെറിയ ഒരു നടപടി, വലിയ സ്വാധീനം,” എന്നും, “ഞാൻ കരയുന്നില്ല, നിങ്ങൾ കരയുകയാണ്,” എന്നും ചിലർ കുറിച്ചു. “ആ പൈലറ്റ് ഒരു ജീവിതകാലം നീളുന്ന ഓർമ്മയാണ് സൃഷ്ടിച്ചത്,” എന്ന് മറ്റൊരാളും കുറിച്ചു.
A man shared an old video of his young daughter making a preflight announcement on a JetBlue flight.












