
മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് ട്രംപിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നായിരുന്നു പുടിന്റെ പുകഴ്ത്തല്‍. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് വെള്ളിയാഴ്ച അലാസ്‌കയില്‍ നടക്കുന്ന നിര്‍ണായക യുഎസ്-റഷ്യ ഉച്ചകോടിക്ക് മുന്നോടിയായാണ് പുടിന്റെ പ്രശംസ എത്തിയത്.
യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് ട്രംപിന്റെ നേതൃത്വത്തില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ഉച്ചകോടിയില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, ട്രംപ് ഭരണകൂടം ‘ശത്രുത അവസാനിപ്പിക്കാനും’ ‘ഉള്‍പ്പെട്ട എല്ലാ കക്ഷികള്‍ക്കും താല്‍പ്പര്യമുള്ള കരാറുകളില്‍ എത്തിച്ചേരാനും’ വളരെ ഊര്‍ജ്ജസ്വലവും ആത്മാര്‍ത്ഥവുമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ഒരു ഹ്രസ്വ വീഡിയോയില്‍ പുടിന്‍ പറഞ്ഞു.
അതേസമയം, പുടിനുമായുള്ള ചര്‍ച്ച പരാജയപ്പെടാന്‍ 25% സാധ്യതയുണ്ടെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ യോഗം വിജയിച്ചാല്‍, തുടര്‍ന്നുള്ള മൂന്ന് ഘട്ട കൂടിക്കാഴ്ചയ്ക്കായി യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ അലാസ്‌കയിലേക്ക് കൊണ്ടുവരാമെന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു.
നിര്‍ണായകമായ ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് ഒരു ദിവസം മുമ്പ് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ യുക്രെയ്നിനുള്ള ബ്രിട്ടീഷ് പിന്തുണ അറിയിക്കാന്‍ സെലെന്‍സ്‌കിയെ ലണ്ടനിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന്‍പ്രകാരം വ്യാഴാഴ്ച ലണ്ടനില്‍ സ്റ്റാര്‍മറുടെ ഓഫീസിലെത്തിയ സെലെന്‍സ്‌കി ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് സ്റ്റാര്‍മറുമായി നടത്തിയത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ട്രംപും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളുമായി ബെര്‍ലിനില്‍ നിന്ന് വെര്‍ച്വല്‍ മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്നു. പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ട്രംപ് ഉറപ്പ് നല്‍കിയതായി ആ നേതാക്കള്‍ പറഞ്ഞു. വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉക്രെയ്‌നിനെതിരായ യുദ്ധം നിര്‍ത്താന്‍ പുടിന്‍ സമ്മതിച്ചില്ലെങ്കില്‍ റഷ്യയ്ക്ക് ‘വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍’ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.