പീഡന പരാതി ബിജെപിയിലും; സി. കൃഷ്ണകുമാര്‍ പീഡിപ്പിച്ചെന്ന് പാലക്കാട് സ്വദേശിനി, സതീശന്റെ ബോംബ് ഇതോ ?

പാലക്കാട് : കോണ്‍ഗ്രസിനെ അടിമുടി നാണക്കേടിലാക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിന് പിന്നാലെ ബിജെപി പീഡന പരാതികള്‍ ഉയരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി പാലക്കാട് സ്വദേശിയായ യുവതി രംഗത്ത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്.

കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രണ്ട് ദിവസം മുന്‍പാണ് യുവതി സംസ്ഥാന പ്രസിഡന്റിന് പരാതി നല്‍കിയത്. രാജീവ് ചന്ദ്രശേഖറിന് ഇ-മെയില്‍ വഴി യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു.
കൃഷ്ണകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണെമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ യുവതിയുടെ പരാതിയിലുണ്ട്.

അതേസമയം, പരാതി ലഭിച്ചെന്നും വൈകാതെ പരാതി പരിശോധിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ യുവതിയെ അറിയിച്ചിട്ടുമുണ്ട്. യുവതി മുന്‍പും നേതൃത്വത്തിന് പരാതി നല്‍കിയെന്നും ബിജെപി – ആര്‍എസ്എസ് നേതാക്കള്‍ക്ക് പരാതി അവഗണിച്ചെന്നും യുവതി ആരോപിച്ചു. വി. മുരളീധരന്‍, എം.ടി രമേശ് എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.

കേരളം ഞെട്ടുന്ന വാര്‍ത്ത പുറത്തുവരാനുണ്ടെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. സതീശന്‍ പറഞ്ഞ ബോംബുകളിലൊന്നാണിതെന്നും പലരും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സതീശന്റെ പ്രതികരണം ഇതുവരെ എത്തിയിട്ടില്ല. രാഹുലിനെ രാജിവെപ്പിക്കാന്‍ പാലക്കാട്ട് ബിജെപി നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച കൃഷ്ണകുമാറിനെതിരായ പരാതി സ്ഥിരീകരിക്കപ്പെടുകയും അത് വാര്‍ത്തയാകുകയും ചെയ്തത് ബിജെപിക്ക് വലിയ തല വേദനയായിട്ടുണ്ട്.

Also Read