
ക്ലീന്‍ ഇമേജും ജനകീയതയും കൈമുതലായുള്ള എ. പ്രദീപ് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചുകൊണ്ടുള്ള നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കൂടി കണക്കിലെടുത്ത് എന്ന് ഉറപ്പ്. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പ്രദീപ് കുമാര്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്ന് കരുതിയിരുന്നെങ്കിലും ഒരുപടി കൂടി കടന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന ഏറെ സുപ്രധാനമായ പദവിയിലേക്കാണ് എത്തിയിരിക്കുന്നത്.
മൂന്നാം തവണയും ഭരണവും തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയവും ലക്ഷ്യമിടുന്ന പിണറായി സര്‍ക്കാരിന്റെ മുഖം മിനുക്കല്‍ കൂടിയായാണ് പ്രദീപ് കുമാറിന്റെ സ്ഥാനാരോഹണത്തെ കണക്കാക്കുന്നത്.
തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ ജാഗ്രതയോടെ നയിക്കാനും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യാനും കഴിവുള്ളരൊള്‍ ഉണ്ടായിരിക്കണമെന്ന നേതാക്കളുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് മുന്‍ എംഎല്‍എയായ പ്രദീപ് കുമാറിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. ദീര്‍ഘവീക്ഷണവും ദീര്‍ഘകാലത്തെ പ്രവര്‍ത്തന സമ്പത്തുമുള്ള പ്രദീപ് കുമാറിനെ പ്രൈവറ്റ് സെക്രട്ടറി ആക്കുന്നതിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കാര്യക്ഷമത വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
പാര്‍ട്ടിക്കാരോടും നേതാക്കളോടും ഏറ്റവും അടുപ്പം കാത്തുസൂക്ഷിക്കുന്ന നേതാവ് എന്നതിലുപരി സിപിഎമ്മിലെ ഉള്‍പാര്‍ട്ടി വിഷയങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യുന്നതില്‍ മികവുളള നേതാവ് കൂടിയാണ് എ. പ്രദീപ് കുമാര്‍.
കോഴിക്കോട് നോര്‍ത്ത് എംഎല്‍എയായിരിക്കെ എ. പ്രദീപ് കുമാറിന്റെ ദീര്‍ഘവീക്ഷണത്തില്‍ പിറവിയെടുത്ത പ്രിസം പദ്ധതി പിന്നീട് കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ മികവ് ഉയര്‍ത്തുന്നതിന് അടിസ്ഥാനമായ പദ്ധതി കൂടിയായിരുന്നു.
1964-ല്‍ ഗോപാലകൃഷ്ണക്കുറുപ്പിന്റെയും കമലാക്ഷിയുടെയും മകനായി ചേലക്കാട്ട് ജനിച്ച പ്രദീപ് കുമാര്‍, എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്. എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച അദ്ദേഹം ഡിവൈഎഫ്‌ഐയും സംസ്ഥാന നേതൃനിരയിലും എത്തി.
കോഴിക്കോട് നോര്‍ത്ത് എംഎല്‍എ ആയിരിക്കെ 2019-ല്‍ ലോക്‌സഭ സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പാര്‍ട്ടിയിലെ വിഭാഗീയതയുടെ കാലത്ത് വിഎസ് പക്ഷത്തോടൊപ്പം നിന്ന പ്രദീപ്കുമാറിനെ പല പ്രധാന റോളിലേക്കും പരിഗണിക്കാതിരിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാല്‍ പിണറായി വിജയന്‍ എന്ന ഏകപക്ഷത്തേക്ക് പാര്‍ട്ടി ചുരുങ്ങുമ്പോള്‍ മുമ്പ് വിഭാഗീയതയുടെ പേരില്‍ മാറ്റി നിര്‍ത്തിയവരെ പരിഗണിക്കുന്നു എന്നതും ശ്രദ്ധേയമാണ്.