
മെക്സിക്കോ സിറ്റി: മെക്സിക്കോ തീരത്ത് കടലിൽ ഓർ മത്സ്യത്തെ കണ്ടത് ആശങ്കയാകുന്നു. ബാജാ കാലിഫോർണിയ സറിലെ പ്ലായ എൽ ക്വമദോയിലെ പസഫിക് സമുദ്രത്തീരത്താണ് ജീവനുള്ള ഓർ മത്സ്യത്തെ കണ്ടത്. ബീച്ചിലുണ്ടായിരുന്നവർക്ക് നേരെ മത്സ്യം നീന്തിയെത്തി. തുടര്‍ന്ന് തിരിച്ചയക്കാൻ നോക്കിയിട്ടും മത്സ്യം കടൽത്തീരത്ത് ആഴം തീരെ കുറഞ്ഞ ഭാഗത്ത് തന്നെ നിന്നുവെന്നുമാണ് റിപ്പോര്‍ട്ടുകൾ
സുനാമി, ഭൂകമ്പം പോലെ വരാൻ പോകുന്ന ദുരന്തത്തിന്‍റെ സൂചനയായിട്ടാണ് സമുദ്രത്തിന്‍റെ അടിത്തട്ടിൽ ജീവിക്കുന്ന ഓർ മത്സ്യങ്ങൾ പുറത്തെത്തുന്നത് എന്നാണ് വിശ്വസം. വളരെ അപൂർവ്വമായാണ് ഇവ കരയിൽ എത്താറുള്ളത്. ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകുമെന്ന് വിശ്വസിക്കപ്പെടുന്ന ആഴക്കടലിൽ ജീവിക്കുന്ന മത്സ്യങ്ങളാണ് ഓർ. ഇവ ജീവനോടെയോ അല്ലാതെയോ കരയ്ക്കടിഞ്ഞാൽ ദുരന്തം സംഭവിക്കുമെന്ന് പല രാജ്യങ്ങളും വിശ്വസിക്കുന്നു.
2011ൽ ജപ്പാനിലെ ഫുകുഷിമയിൽ നാശം വിതച്ച സുനാമിക്കും ഭൂകമ്പത്തിനും മുമ്പ് ഓർ മത്സ്യങ്ങൾ തീരത്ത് അടിഞ്ഞിരുന്നു. കടലിൽ 3,300 അടി താഴ്ചയിലാണ് സാധാരണ ഓർ മത്സ്യങ്ങൾ ജീവിക്കുന്നത്. പാമ്പിനെ പോലെ തോന്നിക്കുന്ന കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് 20 അടിയിലേറെ നീളം വയ്ക്കാറുണ്ട്. കടലിനടിയിൽ സീസ്മിക് പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞാണ് ഇവ കടലിന് മുകളിലേക്ക് വരുന്നതെന്നാണ് ഒരു വിശ്വാസം. എന്നാൽ ഇതിന് ഇതുവരെ ശാസ്ത്രീയ അടിത്തറകളില്ല.