
ന്യൂജേഴ്സി : ന്യൂജേഴ്സി വിമാനത്താവളത്തില്‍ പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ എഞ്ചിന് തകരാര്‍ സംഭവിച്ചതോടെ സ്‌കൈഡൈവിംഗ് വിമാനം അടിയന്തരമായി തിരിച്ചിറക്കുന്നതിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടം. പതിനഞ്ചുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. പതിനാല് പേരെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. വിമാനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം 5.30നാണ് സംഭവം.
സെസ്ന 208B വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ക്രോസ് കീസ് വിമാനത്താവളത്തിലെ കുറ്റിക്കാട്ടിലേക്ക് ഇടിച്ച് കയറിയതായാണ് പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഫിലാഡല്‍ഫിയയില്‍ നിന്ന് ഏകദേശം 34 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ക്രോസ് കീസ് വിമാനത്താവളം.
പ്രശ്‌നം ഉണ്ടായപ്പോള്‍ വിമാനം ഏകദേശം 3,000 അടി (900 മീറ്റര്‍) ഉയരത്തിലായിരുന്നു. അപകടത്തില്‍പ്പെട്ട വിമാനം വിര്‍ജീനിയ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും മണ്‍റോ ടൗണ്‍ഷിപ്പിലെ ഒരു സ്‌കൈഡൈവിംഗ് സെന്റര്‍ ലീസിന് എടുത്തിരുന്നതാണെന്നും അധികൃതര്‍ പറഞ്ഞു. 2023-ല്‍ പൈലറ്റിന്റെ പിഴവ് കാരണം ലാന്‍ഡിംഗിനിടെ നോസ് ഗിയര്‍ തകര്‍ന്ന ഒരു സംഭവത്തില്‍ ഇതേ വിമാനം ഉള്‍പ്പെട്ടിരുന്നു.
മണ്‍റോ ടൗണ്‍ഷിപ്പ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ്, ഗ്ലൗസെസ്റ്റര്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസ്, എഫ്എഎ, എന്‍ടിഎസ്ബി എന്നിവര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.