
ഷാർജ : ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസുമായി ബന്ധപ്പെട്ട ഫോൺ രേഖകളും, മൊഴിയും ഉടൻ ശേഖരിക്കും.
കഴിഞ്ഞ ദിവസം രാത്രിയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സതീഷുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാർ അതുല്യയോട് പറഞ്ഞിരുന്നു. എന്നാൽ 10 വയസ്സുള്ള മകളെ കരുതിയാണ് അതുല്യ എല്ലാം ക്ഷമിച്ചും സഹിച്ചും നിന്നതെന്ന് അതുല്യയുടെ കുടുംബം വ്യക്തമാക്കി. ഷാർജ പോലീസിലും ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകാനാണ് അതുല്യയുടെ കുടുംബത്തിന്റെ തീരുമാനം.
അതേസമയം, മരണപ്പെട്ട അതുല്യയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും വിചിത്രവാദവുമായി ഭർത്താവ് സതീഷ് ശങ്കർ രംഗത്തെത്തി. അതുല്യ ഗർഭഛിദ്രം നടത്തിയത് പ്രകോപിച്ചെന്നും മദ്യപിക്കുമ്പോൾ അത് ഓർമ വരുമെന്നുമാണ് പ്രതികരണം. നിലവിൽ ഷാർജയിലെ മോർച്ചറിയിലാണ് അതുല്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെയാണ് പോസ്റ്റ്മോർട്ടം.