
വാഷിങ്ടൺ: അമേരിക്കയുടെ ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ, ബഹിരാകാശ പദ്ധതികൾ തുടങ്ങി പല നിർണായക മേഖലകളിലും ചൈന ആധിപത്യമെന്ന് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായ ഗൊവിനി എന്ന പ്രതിരോധ സോഫ്റ്റ്വെയർ സ്ഥാപനത്തിന്റെ്റെ പഠന റിപ്പോർട്ടിലാണ് അമേരിക്കയുടെ ആയുധങ്ങളിലും ആയുധ നിർമ്മാണത്തിലുമുള്ള ചൈനയുടെ കൈയ്യൊപ്പുകളെ കുറിച്ച് പറയുന്നത്. യുഎസിൻ്റെ മിസൈൽ പദ്ധതികളിൽ പോലും ചൈനീസ് നിർമിത ഘടകങ്ങൾ ഉണ്ടെന്നാണ് ഗൊവിനി റിപ്പോർട്ടിൽ പറയുന്നത്.
അമേരിക്കയുടെ നിർണായകമായ മേഖലകളായ വ്യോമയാനം, നാവിക മേഖല, സൈന്യത്തിൻ്റെയും സിവിൽ വ്യോമ – നാവിക ഗതാഗതങ്ങളുടെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ, ആണവ മേഖല, മിസൈൽ പ്രതിരോധം, ബഹിരാകാശം തുടങ്ങിയവയിലെല്ലാം ചൈനീസ് സാന്നിധ്യമുണ്ട്. ഗൊവിനി കമ്പനി പുറത്തിറക്കിയ 2025ലെ നാഷണൽ സെക്യൂരിറ്റി സ്കോർബോർഡ് എന്ന റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ 11.1 ശതമാനത്തോളം ചൈനീസ് സാന്നിധ്യമുണ്ട്. ചൈനീസ് കമ്പനികൾ നിർമിക്കുന്ന ഘടകങ്ങൾ ഇവയിൽ ഉപയോഗിക്കുക മാത്രമല്ല, ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽനിന്നാണ് ഇവയ്ക്കാവശ്യമായ അപൂർവധാതുക്കളും എത്തുന്നത്. ആണവ മേഖലയിൽ 7.8 ശതമാനം ചൈനീസ് ആശ്രിതത്വമുണ്ട്. ലോകത്ത് മറ്റൊരു രാജ്യത്തും ആണവമേഖലയിൽ ഇത്രയധികം ചൈനീസ് ആശ്രിതത്വമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ പ്രതിരോധ മേഖലയിൽനിന്ന് ചൈനയെ പൂർണമായും ഒഴിവാക്കുക അസാധ്യമാണെന്ന് ഗൊവിനിയുടെ സിഇഒ താരാ മർഫി ഡൊറോത്തി പറയുന്നു.
ചൈനീസ് വിതരണ ശൃഖലയാണ് ഇത്തരം മേഖലകളിലെല്ലാം വ്യാപിച്ചിരിക്കുന്നത്. അതിനാൽ ഏതാണ് നിർണായകമെന്നത് കണ്ടെത്തി വേർതിരിച്ച് ആശ്രിതത്വം കുറയ്ക്കുകയാണ് വേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്റിമണി, ഗാലിയം, ജെർമേനിയം, ടെല്ലൂറിയം, ടങ്സ്റ്റൺ തുടങ്ങിയവ യുഎസിന്റെ മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നുവേണ്ട സകല സാങ്കേതിക വിദ്യകൾക്കും വേണ്ട അപൂർവ ധാതുക്കളാണ്. അതേസമയം, ഈ ധാതുക്കളുടെ കാര്യത്തിൽ ചൈനയാണ് ആഗോളശക്തി. ആഗോളതലത്തിൽ ഇവയുടെ ഉത്പാദനം, വിതരണം, വിനിമയം എന്നിവയെല്ലാം ചൈന അറിയാതെയോ അവരുടെ അനുവാദമില്ലാതെയൊ നടക്കില്ല.
ഏതെങ്കിലും കാരണത്താൽ ഇവയുടെ വിതരണം ചൈന നിർത്തിവെച്ചാൽ യുഎസിന്റെ 78 ശതമാനത്തോളം ആയുധ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളും പ്രതിസന്ധിയിലാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ്- ചൈന വ്യാപാര യുദ്ധസമയത്ത് ചൈന ഇത് മുന്നോട്ട് വെയ്ക്കുകയും തൊട്ടുപിന്നാലെ ചൈനയും യുഎസും തമ്മിൽ വ്യാപാര കരാറിൽ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു.