
ഒട്ടാവ: ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലിബറല്‍ പാര്‍ട്ടി നടത്തിയ തെരഞ്ഞെടുപ്പില്‍ 86 ശതമാനം വോട്ട് നേടിയാണ് സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് കാനഡ എന്നിവയുടെ മുന്‍ ഗവര്‍ണറുമായ കാര്‍ണി വിജയം നേടിയത്. ഒന്നര ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെയാണ് കാര്‍ണി പരാജയപ്പെടുത്തിയത്.
ഇതിന് പിന്നാലെ ജസ്റ്റിന്‍ ട്രൂഡോയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഒരു കസേരയും താങ്ങിയെടുത്ത്, നാവ് പുറത്തേക്കിട്ട് പാര്‍ലമെന്റില്‍നിന്ന് പുറത്തേക്ക് പോകുകയാണ് ട്രൂഡോ. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫറായ കാര്‍ലോസ് ഒസോരിയോയാണ് ചിത്രം പകര്‍ത്തിയത്. ട്രൂഡോയുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്.
അവസാനം തനിക്കൊരു സാധാരണ ജീവിതം ലഭിച്ചുവെന്നാണ് ട്രൂഡോ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന തരത്തിലുള്ള കമന്റുകൾ വരുന്നുണ്ട്. ചരിത്രത്തില്‍ രേഖപ്പെടുത്തി വെയ്ക്കുന്ന ചിത്രമായിരിക്കും ഇതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. പത്ത് വര്‍ഷം കാനഡയെ കൊള്ളയടിച്ച ട്രൂഡോയ്ക്ക് പുറത്തുപോകുമ്പോള്‍ ഒരു കസേര മോഷ്ടിച്ചുകൂടെ എന്ന് പരിഹസിച്ചുള്ള പ്രതികരണങ്ങളും വരുന്നുണ്ട്.