
ന്യൂഡല്‍ഹി : റോഡരുകിലും പുഴയിലും കണ്ണില്‍ക്കണ്ട സ്ഥലത്തെല്ലാം മാലിന്യം തള്ളുന്നത് ഇന്ത്യയില്‍ ഒരു സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇത്തരത്തിലൊരു കാഴ്ച കണ്ട കനേഡിയന്‍ ജനത ഞെട്ടി. റോഡരുകില്‍ ദമ്പതികള്‍ മാലിന്യം തള്ളുന്നതായുള്ള ഒരു വീഡിയോ വൈറലായതോടെ ചൂടേറിയ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്കും വംശീയ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുങ്ങി.
വീഡിയോയില്‍, കാനഡയിലെ ശാന്തമായ ഒരു ചെറുവനപ്രദേശത്തെ റോഡരുകിലേക്ക് ദമ്പതികള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ നിന്ന് സാധനങ്ങള്‍ വലിച്ചെറിയുന്നത് കാണാം. ബാഗുകളില്‍ എന്താണുള്ളതെന്ന് വ്യക്തമല്ല. പക്ഷേ ഇത്തരത്തില്‍ വലിച്ചെറിയണമെങ്കില്‍ അതില്‍ മാലിന്യം തന്നെയാകാമെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ഇവര്‍ ഇന്ത്യന്‍ വംശജരാണെന്ന് നിരവധി ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ പറഞ്ഞതോടെ ചര്‍ച്ചകളും കൊഴുത്തു. ഇതോടെ ഇന്ത്യക്കാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വലിയ വിമര്‍ശമത്തിനും കാരണമായി.
‘അവര്‍ ഇന്ത്യയെ നശിപ്പിച്ചു. അടുത്തതായി കാനഡയെ നശിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അവരെ അനുവദിക്കാനാവില്ല’ എന്ന് എഴുതി ബ്രൂസ് എന്ന സോഷ്യല്‍ മീഡിയ ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദത്തിന് കാരണമായത്. ചിലര്‍ ദമ്പതികള്‍ ഇന്ത്യക്കാരെ മോശമായി പ്രതിഫലിപ്പിക്കുന്നുവെന്ന് ആരോപിച്ചു. കാനഡയെ മലിനമാക്കിയതിന് ദമ്പതികളെ പലരും കടന്നാക്രമിച്ചു. എന്നാല്‍, അവര്‍ വന്യ ജീവികള്‍ക്ക് ഭക്ഷണം നല്‍കിയതാണെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ദമ്പതികള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നതിന് കൃത്യമായ തെളിവില്ലെന്നാണ് വാദിച്ചത്.
‘അവര്‍ക്ക് ഭ്രാന്താണോ? എന്തുകൊണ്ട് അവര്‍ക്ക് അത് ഒരു ചവറ്റുകുട്ടയില്‍ ഇട്ടുകൂടാ? ആരെങ്കിലും അവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കണം; കനത്ത പിഴ നല്‍കാതെ അവര്‍ പോകരുത്.”- ഒരു ഉപയോക്താവ് രോഷം പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്ക് ഇന്ത്യക്കാരെ മുഴുവന്‍ കുറ്റപ്പെടുത്തരുതെന്നും ചിലര്‍ ഓര്‍മ്മപ്പെടുത്തി. കാനഡയില്‍, നിയമവിരുദ്ധമായി മാലിന്യം തള്ളുന്നത് 150,000 ഡോളര്‍ വരെ പിഴയും, തടവും വരെ ലഭിക്കാന്‍ കാരണമാകുന്ന കുറ്റമാണ്.
They’ve destroyed India. We can’t let them destroy Canada next.
— Bruce (@bruce_barrett) July 13, 2025
pic.twitter.com/yBMblI6A0f