
ന്യൂഡല്‍ഹി: അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ രാജ്യം വിട്ട താനും സഹോദരിയും മരണത്തില്‍ നിന്ന് വളരെ ചരുങ്ങിയ സമയംകൊണ്ടാണ് രക്ഷപെട്ടതെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹസീനയുടെ വാമി ലീഗ് പാര്‍ട്ടി ഓണ്‍ലൈനില്‍ പങ്കിട്ടു ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം വിറയാര്‍ന്ന ശബ്ദത്തില്‍ അവര്‍ വെളിപ്പെടുത്തിയത്.
തന്റെ രാഷ്ട്രീയ എതിരാളികള്‍ തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നും ഒരു ജനക്കൂട്ടം അവരുടെ കൊട്ടാര ബംഗ്ലാവിന് നേരെ അതിക്രമിച്ചു കയറുന്നതിന് 20-25 മിനിറ്റുകള്‍ക്ക് മുമ്പാണ് രാജ്യം വിടാനായതെന്നും ഹസീന പറയുന്നു.
‘ഞങ്ങള്‍ വെറും 20-25 മിനിറ്റിനുള്ളില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. അല്ലാഹുവിന്റെ ഇഷ്ടം, അല്ലാഹുവിന്റെ കൈ ഉണ്ടായിരിക്കണം. അല്ലെങ്കില്‍, ഇത്തവണ ഞാന്‍ അതിജീവിക്കുമായിരുന്നില്ല,’ ഓഡിയോ ക്ലിപ്പില്‍ 77 കാരിയായ നേതാവ് ബംഗ്ലാ ഭാഷയില്‍ പറയുന്നതിങ്ങനെ.
പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 ന് സഹോദരി റെഹാനയ്ക്കൊപ്പം ധാക്കയില്‍ നിന്ന് പലായനം ചെയ്തത ഹസീന ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്.
2004 ഓഗസ്റ്റ് 21-ന് നടന്ന ഗ്രനേഡ് ആക്രമണത്തില്‍ 24 പേര്‍ മരിക്കുകയും താന്‍ പരിക്കുകളോടെ രക്ഷപ്പെട്ടതിനെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. അഴിമതിക്കുറ്റത്തിന് ബംഗ്ലാദേശ് തിരയുന്ന ഹസീന തന്റെ ഓഡിയോ സന്ദേശത്തില്‍ തന്റെ എതിരാളികള്‍ തന്നെ എങ്ങനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന് ലോകം കണ്ടതായും പറഞ്ഞു.