
മരണം തൊട്ടരികയുള്ള 22കാരിയുടെ ആവശ്യമാണ് ഇപ്പോള്‍ നെറ്റിസണ്‍സിനെ വിഷമത്തിലാക്കിയിരിക്കുന്നത്. ബ്രയിന്‍ ടൂമർ രോഗബാധിതയായ യുവതി, ഒമ്പത് മാസം മാത്രമാണ് തനിക്ക് ആയുസെന്നും കയ്യിലുള്ള ഇരുപത് ലക്ഷം രൂപ എങ്ങനെ ചിലവഴിക്കാമെന്ന് പറഞ്ഞു തരുമോയെന്ന് റെഡ്ഡിറ്റിലാണ് ചോദിച്ചിരിക്കുന്നത്.
പഠനത്തിനായി സ്വരൂപിച്ച പണമാണിത്. ജീവിതത്തില്‍ ഇനി അര്‍ഥവത്തായ എന്തെങ്കിലും ചെയ്യണം. ഇനിയുള്ള ദിവസങ്ങളില്‍ തനിക്ക് സന്തോഷവും സംതൃപ്തിയും നല്‍കാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ പറഞ്ഞു തരണമെന്നാണ് അവളുടെ അപേക്ഷ. സഹോദരങ്ങള്‍ക്ക് പണമെല്ലാം നല്‍കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും സ്വന്തമായി ഒന്നു ചെയ്തില്ലെന്ന തോന്നലാണ് മാറി ചിന്തിക്കാന്‍ ഇടയാക്കിയത്. പുറത്ത് പോകാറില്ലായിരുന്നു. നല്ലൊരു വസ്ത്രം വാങ്ങാറില്ലെന്നു മദ്യപാനമോ പുകവലിയോ ഇല്ലെന്നും അതിനാല്‍ കുറച്ച് ചിലവേറിയ കാര്യങ്ങളുടെ ഐഡിയ പറയണമെന്നായിരുന്നു അവളുടെ ആവശ്യം.
റെഡ്ഡിറ്റിലുള്ളവര്‍ വളരെ പിന്തുണയോടെയും സ്‌നേഹത്തോടെയുമാണ് അവള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. പലരും പല അഭിപ്രായങ്ങളും മറുപടിയായി നല്‍കിയിട്ടുണ്ട്. പ്രിയപ്പെട്ട ഇടങ്ങള്‍ വീണ്ടും സന്ദര്‍ശിക്കുക, ഇഷ്ടപ്പെട്ട എന്തെങ്കിലും കാര്യം ചെയ്ത് തീര്‍ത്തിട്ടില്ലെങ്കില്‍ അത് ചെയ്യുക, സ്വന്തം സമയം കണ്ടെത്തുക അങ്ങനെ ശ്രമിക്കാന്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ ചെയ്ത് നോക്കുക എന്നിങ്ങനെ പലരും മറുപടി നല്‍കി.