കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

കൊച്ചി: കൊച്ചി വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടര മണിയോടെയാണ് സംഭവം. യുവാവിനെ പൊലീസും മെട്രോ ജീവനക്കാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴേക്ക് ചാടുകയായിരുന്നു.

വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയ നിസാര്‍ ടിക്കറ്റെടുത്ത ശേഷം സ്റ്റേഷനുള്ളിലേക്ക് കയറുകയും ആലുവ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾ നിർത്തുന്ന പ്ലാറ്റ്ഫോമിൽ കുറച്ച് സമയം നിന്ന ശേഷം ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഇത് കണ്ട ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഉടൻ തന്നെ ജീവനക്കാർ വൈദ്യുതി ലൈൻ ഓഫ് ചെയ്തു. നിസാര്‍ ട്രാക്കിലൂടെ ഏറെ ദൂരം മുന്നോട്ട് പോകുകയും പില്ലർ നമ്പർ 1013ന് അടുത്തെത്തി താഴെ റോഡിലേക്ക് ചാടുകയുമായിരുന്നു.

യുവാവിനെ രക്ഷിക്കുന്നതിനായി ഫയർഫോഴ്സ് വല വിരിച്ചെങ്കിലും വലയിൽ വീഴാതിരിക്കാനുള്ള രീതിയിലാണ് ഇയാള്‍ താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റിരുന്ന നിസാറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

More Stories from this section

family-dental
witywide