മലയാളി കന്യാസ്ത്രീകൾക്ക് അനുകൂല വെളിപ്പെടുത്തലുമായി കൂടെയുണ്ടായിരുന്ന യുവതി; ബജ്റംഗ്ദൾ നേതാവ് കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു

ഛത്തീസ്ഗഢ്: നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കൂടെയുണ്ടായിരുന്ന യുവതി. 21കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രഥാനാണ് കന്യാസ്ത്രീകൾക്ക് അനുകൂല നിലപാടുമായി നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിപ്പിച്ചത് ബജ്റംഗ് ദൾ നേതാവാണെന്നും ജ്യോതി ശർമ എന്ന നേതാവ് തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും കമലേശ്വരി പ്രഥാൻ പറഞ്ഞു.

ബജ്റംഗ് ദൾ പ്രവർത്തകർ പറഞ്ഞത് പ്രകാരമാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്. കന്യാസ്ത്രീകൾക്കെതിരെ ആദ്യം പൊലീസ് മതപരിവർത്തനം മാത്രം ചുമത്തിയായിരുന്നു കേസ് എടുത്തിരുന്നത്. എന്നാൽ പിന്നീട് മാതാപിതാക്കളുടെ സമ്മതം ഇല്ലായെന്ന് വരുത്തി തീർത്ത് പൊലീസ് മനുഷ്യക്കടത്ത് കൂടി ചുമത്തുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി. സർക്കാർ സംരക്ഷണയിലായിരുന്ന പെൺകുട്ടിയെ ഇന്നലെയാണ് മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചത്. നാട്ടിലെത്തിയ ശേഷം മറ്റൊരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് യുവതി വെളിപ്പെടുത്തൽ നടത്തിയത്.

അതേസമയം, പ്രധാനമന്ത്രിയും അമിത് ഷായും കേസിൽ അടിയന്തരമായി ഇടപെട്ടുവെന്നും കന്യാസ്ത്രീകൾക്ക് ജാമ്യം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ജാമ്യത്തിന് കേന്ദ്രവും ഛത്തീസ്ഗഢ് സർക്കാരും നടപടി സ്വീകരിക്കുമെന്ന് എംപിമാരോട് അമിത് ഷാ പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഛത്തീസ്ഗഡ് മുന്‍ അഡിഷണല്‍ അഡ്വ. ജനറല്‍ അമൃതോ ദാസ് ഹാജരാകും. കഴിഞ്ഞ ഏഴ് ദിവസമായി സിസ്റ്റർ വന്ദന, പ്രീതി ജയിലിൽ കഴിയുകയാണ്.

More Stories from this section

family-dental
witywide