
ഇനി ആധാർ കാർഡിൽ മാറ്റങ്ങൾ വരുത്താൻ കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. ആധാറിലെ പേര്, ജനനത്തീയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിരലടയാളം, കണ്ണിന്റെ അടയാളം എന്നിവ പുതുക്കാനും തിരുത്താനുമാണ് ചെലവ് കൂടുന്നത്.
രണ്ടുഘട്ടങ്ങളിലായാകും ഫീസ് വർദ്ധിക്കുക. 50 രൂപ നൽകിയിരുന്ന സേവനങ്ങളുടെ നിരക്ക് ആദ്യഘട്ടത്തിൽ 75 ആയും 100 രൂപയുള്ളത് 125 ആയും കൂടും. ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് 2028 സെപ്റ്റംബർ 30 വരെ തുടരും. ശേഷം രണ്ടാംഘട്ടത്തിൽ 75 രൂപ നിരക്ക് 90 ആയും 125 രൂപ നിരക്ക് 150 ആയും ഉയർത്തും. 2028 ഒക്ടോബർ ഒന്നുമുതൽ 2031 സെപ്റ്റംബർ 30 വരെയാണ് രണ്ടാംഘട്ട നിരക്കിന്റെ കാലാവധി.
എന്നാൽ ആധാർ പുതുതായി എടുക്കുന്നതിന് പണം നൽകേണ്ടതില്ല. അഞ്ചുമുതൽ ഏഴുവയസ്സുവരെയും 15 മുതൽ 17 വയസ്സുവരെയുമുള്ള നിർബന്ധിത ബയോമെട്രിക് പുതുക്കലും സൗജന്യമാണ്. ഇതിനുള്ള തുക അതോറിറ്റി നേരിട്ട് സേവനകേന്ദ്രങ്ങൾക്കു നൽകും. എന്നാൽ, ഏഴുവയസ്സുമുതൽ 15 വയസ്സുവരെയും 17 വയസ്സുമുതൽ മുകളിലേക്കുമുള്ള നിർബന്ധിത ബയോമെട്രിക് പുതുക്കലിന് പണം നൽകണം.
ഇതിന്റെ നിരക്ക് 100-ൽനിന്ന് 125 ആയി ആദ്യഘട്ടത്തിലും 150 ആയി രണ്ടാം ഘട്ടത്തിലും ഉയർത്തിയിട്ടുണ്ട്. ആധാർ അതോറിറ്റിയുടെ പോർട്ടലിലൂടെ പൊതുജനങ്ങൾ നേരിട്ടു തേടുന്ന സേവനങ്ങളുടെ നിരക്ക് 50-ൽനിന്ന് 75 ആക്കിയിട്ടുണ്ട്. സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നൽകുന്ന തുകയും വർദ്ധിപ്പിച്ചിട്ടുണ്ട്.