
ഏഴ് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ പുതുക്കിയില്ലെങ്കിൽ ഉടനെ ഡീ ആക്ടിവേറ്റ് ആകും. രാജ്യത്ത് ഏഴ് വയസ് പൂർത്തിയായ കുട്ടികളുടെ ആധാർ കാർഡുകൾക്ക് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ് (MBU) പൂർത്തിയാക്കണമെന്ന് രക്ഷിതാക്കൾക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യുടെ നിർദേശം. ഈ നിർബന്ധിത പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ കുട്ടികളുടെ ആധാർ കാർഡുകൾ പ്രവർത്തനരഹിതമാകുമെന്ന് യുഐഡിഎഐ മുന്നറിയിപ്പ് നൽകി.
നിലവിലുള്ള നിയമങ്ങൾ പ്രകാരം, അഞ്ച് വയസ് പൂർത്തിയാകുമ്പോൾ കുട്ടികൾ ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. എന്നാൽ നിരവധി കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ഇപ്പോഴും പുതുക്കിയിട്ടില്ലെന്ന് യുഐഡിഎഐ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ മുന്നറിയിപ്പ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിരലടയാളമോ ഐറിസ് സ്കാനോ ആധാറിൽ ഉൾപ്പെടുത്താറില്ല. പകരം പേര്, ജെൻഡർ, ജനനത്തീയ്യതി, ഫോട്ടോ, പിന്നെ അഡ്രസ് ഇത് മാത്രമാണ് ഉൾപ്പെടുത്തുന്നത്.
ആധാർ ആക്ട് 2016 അനുസരിച്ച്, അഞ്ച് വയസ്സ് പൂർത്തിയാകുമ്പോൾ കുട്ടികളുടെ വിരലടയാളം, ഐറിസ് സ്കാൻ, മുഖചിത്രം എന്നിവ ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ പുതുക്കണം. ഈ പ്രായത്തിൽ ഈ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ പാകമായെന്നാണ് യുഐഡിഎഐ കണക്കാക്കുന്നത്. എന്നാൽ ഇത് മിക്ക ‘മാതാപിതാക്കളും ചെയ്യുന്നില്ലെന്നാണ് കണക്കുകൾ പറയുന്നത്. അതുകൊണ്ട് ഏഴ് വയസ്സ് പൂർത്തിയായ കുട്ടികളുടെ MBU എത്രയും വേഗം പൂർത്തിയാക്കണമെന്ന് അറിയിച്ചിരിക്കുകയാണ് UIDAI.
കുട്ടികളുടെ ബയോമെട്രിക് വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും നിലനിർത്തുന്നതിന് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ് (എംബിയു) കൃത്യസമയത്ത് പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഏഴ് വയസ്സ് കഴിഞ്ഞിട്ടും എംബിയു പൂർത്തിയാക്കിയില്ലെങ്കിൽ, നിലവിലുള്ള നിയമമനുസരിച്ച് ആധാർ നമ്പർ പ്രവർത്തനരഹിതമാക്കാൻ സാധ്യതയുണ്ട്, ആധാർ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് യുഐഡിഎഐ എസ്എംഎസുകളും അയച്ചുതുടങ്ങിയിട്ടുണ്ട്.
അഞ്ച് വയസ്സിനും ഏഴ് വയസ്സിനും ഇടയിൽ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യുന്നതിന് ഫീസില്ല. എന്നാൽ, ഏഴ് വയസ്സ് കഴിഞ്ഞവർക്ക് അപ്ഡേറ്റ് ചെയ്യാൻ നൂറ് രൂപ നൽകേണ്ടിവരും. അടുത്തുള്ള അംഗീകൃത ആധാർ എന്റോൾമെന്റ് കേന്ദ്രത്തിൽ പോയി ആധാർ പുതുക്കാവുന്നതാണ്. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എടുക്കുന്ന സമയത്ത് കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, 15 വയസ്സ് പൂർത്തിയാകുമ്പോഴും ഒരിക്കൽ കൂടി ഈ വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. കാലക്രമേണ കുട്ടികളുടെ ബയോമെട്രിക് വിവരങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതുകൊണ്ടാണ് ഈ അപ്ഡേറ്റ് നിർബന്ധമാക്കുന്നത്.