
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഇന്ത്യാ സഖ്യം വിട്ടു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാത്രമാണ് പ്രതിപക്ഷ കൂട്ടായ്മ രൂപവത്കരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് എഎപി പിന്മാറുന്നത്. ബിജെപിയും കോണ്‍ഗ്രസും രഹസ്യവും അഴിമതി നിറഞ്ഞതുമായ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ച എഎപി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അറിയിച്ചു.
പഹല്‍ഗാം വിഷയവും ഓപ്പറേഷന്‍ സിന്ദൂറും ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും മറ്റു 15 പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് എഎപിയുടെ പ്രസ്താവന. എഎപി ഇതേ ആവശ്യം ഉന്നയിച്ച് പ്രത്യേകമായി കത്തയച്ചു.
യഥാര്‍ഥ സഖ്യം ബിജെപിയും കോണ്‍ഗ്രസുമാണെന്ന് എഎപി ദേശീയ മാധ്യമ ചുമതലയുള്ള അനുരാഗ് ധണ്ട എക്‌സില്‍ ആരോപിച്ചു. മോദിക്ക് രാഷ്ട്രീയമായി ഗുണംലഭിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പറയുന്നത്. പകരമായി ഗാന്ധി കുടുംബത്തെ ജയിലിലേക്ക് പോകാതെ മോദി കാക്കുന്നു.
ജനങ്ങള്‍ക്ക് വിദ്യാലയങ്ങള്‍, ആശുപത്രികള്‍, വൈദ്യുതി, വെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ രണ്ടുകൂട്ടര്‍ക്കും താത്പര്യമില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഇന്ത്യന്‍ രാഷ്ട്രീയം ശുദ്ധീകരിക്കാന്‍, നമ്മള്‍ ഈ പിന്നണി ഗൂഢാലോചന അവസാനിപ്പിക്കണമെന്ന് എഎപി പ്രസ്താവനയില്‍ അറിയിച്ചു. രാഹുലും മോദിയും വേദിയില്‍ എതിരാളികളായി പ്രത്യക്ഷപ്പെട്ടേക്കാം. പക്ഷേ, ഇരുവര്‍ക്കും അവരവരുടെ രാഷ്ട്രീയ നിലനില്‍പ്പാണ് പ്രധാനം എന്നതാണ് സത്യം.
കോണ്‍ഗ്രസിന്റെ ദുര്‍ബലമായ രാഷ്ട്രീയം ബിജെപിയെ ശക്തിപ്പെടുത്തുന്നു. ബിജെപി ഭരണം കോണ്‍ഗ്രസിന്റെ അഴിമതികളെ മറച്ചുവെയ്ക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനായി മാത്രമാണ് ഇന്ത്യാ സഖ്യം രൂപവത്കരിച്ചത്. ഇത് പ്രതിപക്ഷ കൂട്ടായ്മയ്ക്ക് 240 സീറ്റുകള്‍ നേടിത്തന്നു എന്നത് പ്രധാന നേട്ടമാണ്.
എഎപിയെ സംബന്ധിച്ചിടത്തോളം, സഖ്യം അതിന്റെ ലക്ഷ്യം നേടി. ഇനി സഖ്യത്തില്‍ തുടരാനില്ല. എല്ലാ സംസ്ഥാനങ്ങളിലും എഎപി ഒറ്റയ്ക്ക് മത്സരിക്കും. ഈവര്‍ഷം അവസാനം ബിഹാറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ധണ്ട പറഞ്ഞു.
AAP Left India Alliance