ചാര്‍ളി കിര്‍ക്കിന്റെ മരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിനയായി, ‘ജിമ്മി കിമ്മല്‍ ലൈവ്’ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച് എബിസി, ഈ ധൈര്യത്തിന് അഭിനന്ദനങ്ങളെന്ന് ട്രംപ്

ന്യൂയോര്‍ക്ക് : പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനും ഹാസ്യനടനുമായ ജിമ്മി കിമ്മലിന്റെ ലേറ്റ്-നൈറ്റ് ഷോ ‘ജിമ്മി കിമ്മല്‍ ലൈവ്’ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച് എബിസി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തെക്കുറിച്ച് ജിമ്മി കിമ്മല്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനു പിന്നാലെയാണ് നടപടി. ‘ചെയ്യേണ്ടത് ചെയ്യാന്‍ ഒടുവില്‍ ധൈര്യം കാണിച്ചതിന് എബിസിക്ക് അഭിനന്ദനങ്ങള്‍’ എന്ന് ട്രൂത്ത് സോഷ്യലില്‍ എബിസിയുടെ നീക്കത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു.

കിമ്മല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തന്റെ ഷോയില്‍ കിര്‍ക്കിന്റെ കൊലപാതകത്തോടുള്ള പ്രതികരണത്തെക്കുറിച്ച് നിരവധി അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. ‘ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകം മുതലെടുക്കാന്‍ ട്രംപിനം പിന്തുണയ്ക്കുന്ന പലരും വളരെയധികം പരിശ്രമിക്കുന്നുണ്ടെന്ന്’ അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല, കൊലപാതകത്തിലെ ഡോണൾഡ് ട്രംപിന്റെ അനുശോചനത്തെയും അദ്ദേഹം വിമർശിച്ചിരുന്നു. ഒരു നാലു വയസ്സുകാരൻ ഗോൾഡ് ഫിഷിന് അനുശോചനം അർപ്പിക്കുന്നതു പോലെയാണ് ട്രംപിന്റെ പ്രവൃത്തിയെന്നായിരുന്നു ഓസ്കാർ അവതാരകൻ കൂടിയായ ജിമ്മി കിമ്മലിൻറെ വിമർശനം.

തന്റെ ഷോയില്‍, എഫ്ബിഐ മേധാവി കാഷ് പട്ടേലിനെയും ജിമ്മി ലക്ഷ്യം വെച്ചു. എഫ്ബിഐ മേധാവി കാഷ് പട്ടേല്‍ കൊലപാതക അന്വേഷണം കൈകാര്യം ചെയ്തത് ‘പുസ്തകം വായിക്കാത്ത ഒരു കുട്ടിയെപ്പോലെയാണ് എന്നായിരുന്നു വിമര്‍ശിച്ചത്.

2003 മുതല്‍ കിമ്മലിന്റെ ലേറ്റ്-നൈറ്റ് ഷോ സംപ്രേഷണം ചെയ്യുന്ന വാള്‍ട്ട് ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള എബിസി, നെക്സ്സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പ് ബുധനാഴ്ച മുതല്‍ ഷോ പിന്‍വലിക്കുമെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് ഷോ നിര്‍ത്തിവെച്ചത്. കിര്‍ക്കിന്റെ മരണത്തെക്കുറിച്ചുള്ള കിമ്മലിന്റെ അഭിപ്രായങ്ങള്‍ ‘നമ്മുടെ ദേശീയ രാഷ്ട്രീയ ചര്‍ച്ചയിലെ നിര്‍ണായക സമയത്ത് കുറ്റകരവും വിവേകശൂന്യവുമാണ്’ എന്ന് നെക്സ്സ്റ്റാറിന്റെ ബ്രോഡ്കാസ്റ്റിംഗ് ഡിവിഷന്‍ പ്രസിഡന്റ് ആന്‍ഡ്രൂ ആല്‍ഫോര്‍ഡ് പ്രതികരിച്ചു. ജിമ്മി ഫാലണ്‍, സേത്ത് മെയേഴ്സ് എന്നീ രണ്ട് ലേറ്റ് നൈറ്റ് ഷോകളെയും അദ്ദേഹം ലക്ഷ്യം വച്ചിരുന്നു, അവയും പൂര്‍ണ പരാജയമാണെന്നും അവയും റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കിമ്മലിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. 2026 മെയ് മാസം വരെയാണ് എബിസി ഷോയുമായുള്ള കിമ്മലിന്റെ കരാര്‍.

എബിസി പോലുള്ള കമ്പനികള്‍ ഒടുവില്‍ ശരിയായതും ന്യായയുക്തവുമായ കാര്യം ചെയ്യാന്‍ തയ്യാറായി എന്ന് ബുധനാഴ്ച രാത്രി ട്വിറ്ററില്‍, വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ടെയ്ലര്‍ ബുഡോവിച്ച് പ്രതികരിച്ചു.

More Stories from this section

family-dental
witywide