പാലക്കാട്: ബലാത്സംഗ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തി. മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ, വൈകിട്ട് 4.50 ഓടെ തിരക്ക് കുറഞ്ഞ സമയത്താണ് അദ്ദേഹം കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ പോളിങ് ബൂത്തിലെത്തിയത്. ഔദ്യോഗിക കാറിലെത്തിയ രാഹുൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ മടങ്ങി. കേസെടുത്തതിന് പിന്നാലെ മുങ്ങിയ രാഹുൽ പതിനഞ്ചാം നാളിലാണ് പോളിംഗ് ബൂത്തിൽ പൊങ്ങുന്നത്.
ബൂത്തിന് മുന്നിൽ ഡിവൈഎഫ്ഐയും ബിജെപി പ്രവർത്തകരും ശക്തമായി പ്രതിഷേധിച്ചു. പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിഹ്നങ്ങൾ ഉയർത്തിയും കൂകി വിളിച്ചുമാണ് പ്രതിഷേധം നടന്നത്. കേസ് കോടതി മുൻപിലാണെന്നും സത്യം പുറത്തുവരുമെന്നും കോടതി സത്യം തീരുമാനിക്കുമെന്നുമാണ് വോട്ട് ചെയ്ത ശേഷം കാറിൽ കയറവെ രാഹുൽ പറഞ്ഞത്.
കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയാണ്. ഒളിവിൽ കഴിഞ്ഞിരുന്ന അദ്ദേഹം ജാമ്യം ലഭിച്ചതോടെയാണ് പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെട്ടത്. പ്രതിഷേധങ്ങൾക്കിടയിലും സുരക്ഷയോടെ വോട്ടിങ് പൂർത്തിയാക്കി മടങ്ങിയ രാഹുലിന്റെ പ്രത്യക്ഷപ്പെടൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചു.










