
ന്യൂയോർക്ക്: 2016 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊമാക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റനെ വിജയിപ്പിക്കാൻ റഷ്യയുമായി ഒത്തുകളിച്ചുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണം തള്ളിക്കളഞ്ഞ് മുൻ പ്രസിഡന്റ് ബരാക് ഒബാമ. ട്രംപിന്‍റെ ആരോപണങ്ങൾ അസംബന്ധമെന്നും വിചിത്രമെന്നുമാണ് ഒബാമയുടെ ഓഫീസ് വിശേഷിപ്പിച്ചത്. നിലവിലെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ട്രംപിന്‍റെ നിസ്സാര ശ്രമമാണ് നടക്കുന്നതെന്നും ഒബാമയുടെ വക്താവ് പാട്രിക് റോഡൻബുഷ് അഭിപ്രായപ്പെട്ടു.
2016 ലെ തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഒരു വോട്ടിൽപ്പോലും കൃത്രിമം നടന്നിട്ടില്ലെന്നും പാട്രിക് റോഡൻബുഷ് വ്യക്തമാക്കി. മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ റിപ്പോർട്ടും ഈ വാദത്തെ ശരിവെക്കുന്നുവെന്ന് ഒബാമയുടെ വക്താവ് ചൂണ്ടിക്കാട്ടി. എന്നാൽ, നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിന്റെ റിപ്പോർട്ടിൽ, ഒബാമ ഭരണകൂടം ഇന്റലിജൻസിനെ രാഷ്ട്രീയവൽക്കരിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ഇത് മുൻനിർത്തിയാണ് ട്രംപ്, ഒബാമയടക്കമുള്ളവർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
അന്നത്തെ വൈസ് പ്രസിഡന്‍റും പിന്നീട് പ്രസിഡന്‍റുമായ ജോ ബൈഡൻ, എഫ്.ബി.ഐ. മുൻ ഡയറക്ടർ ജെയിംസ് കോമി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തണമെന്നടക്കം ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച സംഘത്തിന്റെ നേതാവ് ഒബാമയാണെന്നും അദ്ദേഹം കുറ്റക്കാരനാണെന്നും ട്രംപ് ആരോപിച്ചു. എന്നാൽ, 2016-ൽ ഹിലരി ക്ലിന്റന്റെ പ്രചാരണത്തെ തകർക്കാനും ട്രംപിന് നേട്ടമുണ്ടാക്കാനും റഷ്യ വ്യാപകമായ ശ്രമങ്ങൾ നടത്തിയതായി യു.എസ്. രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നുവെന്നുമാണ് ഒബാമയുടെ ഓഫീസ് വാദിക്കുന്നത്. ഈ ആരോപണങ്ങളെ ട്രംപ് നിഷേധിക്കുകയും അന്വേഷണത്തെ തട്ടിപ്പ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.