
ഭൂവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ 20 കാരിയായ വിദ്യാർഥിനി സ്വയം തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ എബിവിപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ആത്മഹത്യ ചെയ്യുന്ന സമയത്ത് എബിവിപി നേതാക്കൾ സംഭവ സ്ഥലത്ത് ഉണ്ടായിരുവെന്ന് പൊലീസ് വ്യക്തമാക്കി. ഒഡീഷ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുഭത് സന്ദീപ് നായക്, ജ്യോതി പ്രകാശ് ബിസ്വാൾ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 13 ന് ഫകിർ മോഹൻ എന്ന സ്വയംഭരണ കോളേജിലെ പ്രിൻസിപ്പലിൻ്റെ ഓഫീസിന് മുന്നിൽ വെച്ചാണ് പെൺകുട്ടി സ്വയം തീകൊളുത്തിയത്. രണ്ടാംവർഷ ബിഎഡ് വിദ്യാർഥിനിയായ പെൺകുട്ടി അധ്യാപകരിൽ നിന്നുള്ള ലൈംഗികാതിക്രമങ്ങളിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധമായാണ് പെൺകുട്ടി സ്വയം തീകൊളുത്തിയത്. 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റിയെങ്കിലും ജൂലൈ 15ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
തന്റെ ഡിപ്പാർട്ട്മെന്റ്റ് മേധാവിയായിരുന്ന സമീർ രഞ്ജൻ സാഹുവിനെതിരെ പെൺകുട്ടി നൽകിയ പരാതിയിൽ പ്രിൻസിപ്പൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രിൻസിപ്പലിന്റെ്റെ ഓഫീസിൽ വെച്ച് പെൺകുട്ടിയോട് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്നും അതിനായി മോശമായി ചിത്രീകരിച്ചെന്നും ആരോപണമുണ്ട്. ഈ സമയത്ത് അറസ്റ്റിലായ എബിവിപി നേതാക്കളും ഓഫീസിലുണ്ടായിരുന്നുവെന്നാണ് വിവരം.