
ന്യൂയോർക്ക്: ലോകത്തെ പ്രമുഖ ഐടി കൺസൽട്ടിംഗ് കമ്പനികളിൽ ഒന്നായ ആക്സെഞ്ചര്‍ തങ്ങളുടെ ലോകത്തെമ്പാടുമുള്ള ക ജീവനക്കാരിൽ നിന്നായി കഴിഞ്ഞ മൂന്ന് മാസത്തിനിടെ 11,000 ത്തിലധികം തൊഴിലാളികളെ പിരിച്ചു വിട്ടു. ജീവനക്കാർക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ച് പരിശീലനം നൽകിയിട്ടും എഐയുമായി ഒത്തുപോകാൻ കഴിയാത്ത ജീവനക്കാരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. 865 മില്യണ്‍ ഡോളറിന്റെ പുനഃസംഘടന പദ്ധതിയുടെ ഭാഗമാണ് ഈ പിരിച്ചുവിടലെന്നും വരും മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു. എഐയുമായി പൊരുത്തപ്പെടാത്ത തൊഴിലാളികളെ ലക്ഷ്യമിട്ട് ആണ് ഈ നീക്കം നടത്തിയതെന്ന് കമ്പനി സിഇഓ ജൂലി സ്വീറ്റ് വ്യക്തമാക്കി.
പരിശീലനം സാധ്യമായില്ലെങ്കിൽ പുറത്താക്കലാണ് പരിഹാരം. ഇതോടൊപ്പം, എഐ മേഖലയിലേക്ക് വീണ്ടും നിയമനം നടത്തും. 2023 മുതൽ കമ്പനി എഐ ഡാറ്റാ വിഭാഗങ്ങളിലെ വിദഗ്ധരുടെ എണ്ണം 77,000 മായി വർദ്ധിപ്പിച്ചു. 550,000 ലധികം ജീവനക്കാരെ എഐ പരിശീലിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും അഡ്വാൻസ്ഡ് എഐയുടെ സ്ഥാനം ഉറപ്പാക്കാനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ മാറ്റം വളർച്ചയുടെ പടവുകളാണെന്നാണ് ഞങ്ങളുടെ സമീപനമെന്നും ജൂലി സ്വീറ്റ് പറഞ്ഞു.
അതേസമയം, ജീവനക്കാരെ പിരിച്ചു വിട്ടാലും കമ്പനിയുടെ വരുമാനത്തിൽ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025-ലെ ജൂൺ-ഓഗസ്റ്റ് പാദത്തിൽ ആക്സെഞ്ചര്‍ $17.6 ബില്യൺ വരുമാനം നേടി. കഴിഞ്ഞ വർഷത്തേക്കാൾ 7 ശതമാനം വർധനവാണ് വരുമാനത്തിൽ നേടിയിരിക്കുന്നത്.