തോൽവി അംഗീകരിക്കുന്നു, കുതിരക്കച്ചവടത്തിനില്ല, ഞാനെന്തായാലും വനവാസത്തിനില്ല, സതീശന് പോകേണ്ടിവരും: എംവി ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാൽ എൽഡിഎഫ് മുങ്ങുന്ന കപ്പലാണെന്ന പ്രചാരണം തെറ്റാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനുള്ള ശക്തമായ രാഷ്ട്രീയ അടിത്തറ മുന്നണിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യകേരളത്തിലും മലപ്പുറത്തും ഉണ്ടായ പരാജയങ്ങൾ ആഴത്തിൽ പഠിക്കുമെന്നും ജില്ലാ കമ്മിറ്റികളും പഞ്ചായത്ത് തലത്തിലും വിശദമായ പരിശോധന നടത്തി തിരുത്തലുകൾ വരുത്തുമെന്നും ഗോവിന്ദൻ പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയത്തിന് പിന്നിൽ യുഡിഎഫുമായുള്ള രഹസ്യ ധാരണയുണ്ടായിരുന്നുവെന്ന് ഗോവിന്ദൻ ആരോപിച്ചു. വർഗീയ ശക്തികളായ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തിയത് യുഡിഎഫിനും ലീഗിനും ഗുണമായി. എന്നാൽ സംസ്ഥാനത്തൊട്ടാകെ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടായിട്ടില്ലെന്നും ക്ഷേത്ര നഗരങ്ങളിൽ പോലും അവർക്ക് നേട്ടമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരമോ ശബരിമല സ്വർണക്കൊള്ളയോ വെള്ളാപ്പള്ളി പരാമർശമോ തോൽവിക്ക് കാരണമായോ എന്നത് പരിശോധനയിൽ വ്യക്തമാകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വി ഡി സതീശൻ പറഞ്ഞ് പറഞ്ഞ് ഒടുവിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വനവാസത്തിന് പോകേണ്ടി വരും. മൂന്നാം എൽഡിഎഫ് സർക്കാർ വന്നില്ലെങ്കിൽ താൻ വനവാസത്തിന് പോകില്ല. ഒരു കമ്യൂണിസ്റ്റിന് പരാജയമെന്നത് അവസാന പരാജയമാണെന്നോ വിജയം എന്നത് അവസാന വിജയമാണെന്നോ ഉള്ള തെറ്റിദ്ധാരണയുണ്ടാകില്ല. വനവാസമെല്ലാം പഴയകാര്യമാണ്. ഭരണത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങിയ ആളല്ല ഞാൻ. താനേതായാലും വനവാസത്തിന് പോകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കില്ലെന്ന് ഉറപ്പിച്ച ഗോവിന്ദൻ, തൃപ്പൂണിത്തുറയിലും പാലക്കാട്ടും യുഡിഎഫുമായി സഹകരിക്കില്ലെന്ന സൂചന നൽകി. കോൺഗ്രസുമായി ഒരിടത്തും മുന്നണി ബന്ധം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം കോർപ്പറേഷനിലെ തോൽവി ഗൗരവമായി പരിശോധിക്കുമെന്നും നല്ലപോലെ തോറ്റുവെന്ന് സമ്മതിച്ച ഗോവിന്ദൻ, എല്ലാ സാമുദായിക വിഭാഗങ്ങളിൽ നിന്നും നല്ല വോട്ട് ലഭിച്ചുവെന്നും മലപ്പുറത്ത് പത്ത് ലക്ഷം വോട്ട് നേടിയത് ന്യൂനപക്ഷ പിന്തുണയുടെ തെളിവാണെന്നും അവകാശപ്പെട്ടു.

More Stories from this section

family-dental
witywide