
മദ്ധ്യപ്രദേശ്: വിജയദശമി ദിനത്തിൽ ദുർഗ്ഗാ വിഗ്രഹ നിമജ്ജനത്തിനായി വിഗ്രഹങ്ങളുമായി പോയ ട്രാക്ടർ ട്രോളി തടാകത്തിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. വ്യാഴാഴ്ച മദ്ധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലാണ് സംഭവം. പരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചയായി ഉദ്യോഗസ്ഥർ പറഞ്ഞു.
പാന്ധാന പ്രദേശത്താണ് സംഭവം. തടാകത്തിൽ നിമജ്ജനം ചെയ്യുന്നതിനായി വിവിധ ഗ്രാമങ്ങളിൽ നിന്നും ദുർഗാ വിഗ്രഹങ്ങളുമായി ട്രാക്ടറിൽ ഭക്തരും സഞ്ചരിക്കുന്നുണ്ടായിരുന്നു. 25 ഓളം പേരാണ് ട്രോളിയിൽ ഉണ്ടായിരുന്നത്. തടാകത്തിനരികിലുള്ള ചെറിയ പാലത്തിൽ നിർത്തി ഇട്ടിരുന്ന ട്രാക്ടർ ട്രോളി ബാലൻസ് തെറ്റി മറിയുകയായിരുന്നു. തുടർന്ന് അതിലുണ്ടായിരുന്ന യാത്രക്കാർ വെള്ളത്തിലേക്ക് വീണു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും പ്രാദേശിക മുങ്ങൽ വിദഗ്ദ്ധരുടെയും സഹായത്തോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പരിക്കേറ്റവർ ചികിത്സയിലാണ്. അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.