ടെക്സസിൽ ആരാധനാലയത്തിന് തീകൊളുത്തിയെന്ന ആരോപണം; ഇന്ത്യൻ–അമേരിക്കൻ വിദ്യാർത്ഥി മനോജ് ലെല്ല അറസ്റ്റിൽ

ഡാലസിലെ ടെക്സസ് യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി മനോജ് സായ് ലെല്ല (22)യെ ടെക്സസിലെ കോളിൻ കൗണ്ടിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ആരാധനാലയത്തിൽ തീകൊളുത്തിയതും ഭീകര ഭീഷണി മുഴക്കിയതുമുള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ലെല്ലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ദ ഡാലസ് എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഡിസംബർ 22നാണ് ഫ്രിസ്കോ പൊലീസ് ലെല്ലയെ കസ്റ്റഡിയിലെടുത്തത്. പ്രാദേശിക വാറന്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്ന് കോളിൻ കൗണ്ടി ജയിലിലെ രേഖകൾ വ്യക്തമാക്കുന്നു. രണ്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലിങ്ക്ഡിൻ പ്രൊഫൈൽ അനുസരിച്ച്, ടെക്സസ് യൂണിവേഴ്‌സിറ്റി ഓഫ് ഡാലസിൽ ഇൻഫർമേഷൻ ടെക്‌നോളജി വിഷയത്തിൽ പഠിക്കുന്ന സീനിയർ വിദ്യാർത്ഥിയാണ് ലെല്ല. വിവിധ സന്നദ്ധ പ്രവർത്തനങ്ങളിലും വിദ്യാർത്ഥി സംഘടനകളിലും പങ്കാളിത്തമുണ്ടായിരുന്നുവെന്ന് പ്രൊഫൈൽ വ്യക്തമാക്കുന്നു.

പ്രോഗ്രാമിംഗ് ഭാഷകൾ, ടേബ്ലോ, പവർ ബി.ഐ. തുടങ്ങിയവയിൽ മികച്ച അറിവുണ്ടെന്നും ഇന്റേൺഷിപ്പ് അവസരങ്ങൾ തേടിയിരുന്നുവെന്നും ലെല്ല ലിങ്ക്ഡിനിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗിഡിയൻ മാത്ത് ആൻഡ് റീഡിങ്ങിൽ ഗണിതവും വായനയും പഠിപ്പിക്കുന്ന ട്യൂട്ടറായി സന്നദ്ധ സേവനം ചെയ്തതും പിന്നീട് പൂർണ അധ്യാപക ചുമതലയിലേക്ക് മാറിയെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം അറസ്റ്റിനെയോ ആരോപണങ്ങളെയോ കുറിച്ച് ഫ്രിസ്കോ പൊലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സംഭവത്തിന്റെ വിശദാംശങ്ങളോ ഏത് ആരാധനാലയമാണെന്ന വിവരമോ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

തീകൊളുത്തൽ കേസിൽ ജാമ്യം 1 ലക്ഷം ഡോളറായും മിസ്ഡിമീനർ കേസിൽ 3,500 ഡോളറായും നിശ്ചയിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ ലെല്ല രണ്ട് ദിവസം കോളിൻ കൗണ്ടി ജയിലിൽ കഴിഞ്ഞതായി രേഖകൾ പറയുന്നു. ഇരു കേസുകളിലും പ്രതിക്കായി അഭിഭാഷകനെ ഇതുവരെ കോടതി രേഖകളിൽ ചേർത്തിട്ടില്ല. കേസുകളിൽ ഇതുവരെ കോടതിവിധി ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

Accused of setting fire to a place of worship in Texas; Indian-American student Manoj Lella arrested