നിമിഷപ്രിയയുടെ മോചനത്തിന് ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനശ്രമത്തിനായി ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീം കോടതിയില്‍ ഇക്കാര്യം ആക്ഷന്‍ കൗണ്‍സില്‍ ആവശ്യം അറിയിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദയാധന ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത്. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കവേയായിരിക്കും ആവശ്യം അറിയിക്കുക. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിക്കുക.

രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും, രണ്ടുപേര്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയിലുള്ള സംഘത്തെ നിയോഗിക്കാനാണ് കൗണ്‍സില്‍ ആവശ്യപ്പെടുക. ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി സുപ്രീം കോടതി അഭിഭാഷകനും കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍, കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെയും മര്‍കസ് പ്രതിനിധികളായി അന്താരാഷ്ട്ര തലത്തില്‍ ഇടപെടുന്ന മുസ്‌ലിം പണ്ഡിതന്‍ അഡ്വ. ഹുസൈന്‍ സഖാഫി, യെമന്‍ ബന്ധമുള്ള വ്യക്തിയായ ഹാമിദ് എന്നിവരെയും നയതന്ത്ര സംഘത്തില്‍ ഉള്‍പെടുത്തണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടും.

ഇന്ന് രാവിലെ 10.30ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി കേസ് കോടതി മുന്‍പാകെ ഉന്നയിക്കുമെന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. വധശിക്ഷ മാറ്റിവെച്ച വിവരം ആക്ഷന്‍ കൗണ്‍സിലും കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയെ അറിയിക്കും. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കുടുംബവുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി രംഗത്തെത്തിയിരുന്നു. ഈ മാസം 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കാന്തപുരത്തിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഇടപെടലിനെ തുടർന്ന് വധശിക്ഷ മാറ്റിവെക്കുകയായിരുന്നു.

More Stories from this section

family-dental
witywide