
തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എസ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശിധരൻ, കെ.ജെ. സജീവൻ, എസ്. സന്ദീപ് എന്നിവർക്കെതിരെയാണ് നടപടി. വകുപ്പുതല പുനരന്വേഷണത്തിനും ഐജി രാജ്പാൽ മീണ ഉത്തരവിട്ടു. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ സമർപ്പിച്ച റിപ്പോർട്ടിൽ സസ്പെൻഷന് ശുപാർശ ചെയ്തിരുന്നു. ഇവർക്കെതിരെ കോടതി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, സസ്പെൻഷൻ മതിയാകില്ലെന്നും ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും സുജിത് ആവശ്യപ്പെട്ടു.
2023 ഏപ്രിൽ 5-ന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ സുജിത്തിനെ പൊലീസ് ഭീഷണിയെ ചോദ്യം ചെയ്തതിന്റെ പേര്‍ക്ക് അതിക്രൂരമായി മർദിച്ചിരുന്നു. ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ സുജിത്തിന്റെ മർദനത്തിന്റെ ദൃശ്യങ്ങൾ രണ്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം പുറത്തുവന്നു. ഡിജിപി റാവഡാ ചന്ദ്രശേഖർ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ പ്രതികരിച്ചിരുന്നു.