
പത്തനംതിട്ട: സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് 2019 ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു. വിജയ് മല്യ നൽകിയ സ്വർണം ചെമ്പ് തകിടാണെന്ന് 2019 ൽ തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറായ ഇദ്ദേഹം, 2025 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി കൈമാറിയതിലും പ്രധാന പങ്ക് വഹിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുരാരി ബാബു തന്റെ റിപ്പോർട്ട് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയതെന്നും വിവാദത്തിൽ തനിക്ക് വീഴ്ചയില്ലെന്നും വ്യക്തമാക്കി. ദ്വാരപാലക ശില്പങ്ങളിലും കട്ടിളയിലും നേരിയ തോതിൽ മാത്രമാണ് സ്വർണം പൂശിയിരുന്നതെന്നും, അതാണ് ചെമ്പ് തെളിഞ്ഞതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും, പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് മേലധികാരികളാണെന്നും മുരാരി ബാബു കൂട്ടിച്ചേർത്തു.
2019 ൽ ദ്വാരപാലക ശില്പങ്ങളിൽ ചെമ്പ് തെളിഞ്ഞ സംഭവം വലിയ വിവാദമായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഡെപ്യൂട്ടി കമ്മീഷണറായ മുരാരി ബാബു, വിവാദത്തിൽ തന്റെ ഭാഗത്ത് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ചു. എന്നാൽ, സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അറിയിപ്പ്
17.06.2019 ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരിക്കെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണ്ണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തി റിപ്പോർട്ട് നൽകിയ ബി മുരാരി ബാബുവിനെ (നിലവിൽ ഡെപ്യൂട്ടി ദേവസം കമ്മീഷണർ ഹരിപ്പാട്) സർവീസിൽ നിന്ന് അന്വേഷണ വിധേയമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരിക്കുന്നു.