കൊച്ചി: നടി ആക്രമണക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം കഠിനതടവും 50,000 രൂപ വീതം പിഴയും വിധിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിചാരണാ തടവുകാലാവധി ശിക്ഷയിൽ നിന്ന് ഒഴിവാക്കി. ഇതോടെ പ്രതികൾക്ക് ബാക്കി ശിക്ഷ മാത്രം അനുഭവിച്ചാൽ മതി. ഏഴര വർഷത്തോളം വിചാരണാ തടവ് അനുഭവിച്ച ഒന്നാം പ്രതി പൾസർ സുനിക്ക് (എൻ.എസ്. സുനിൽ) ഇനി 12.5 വർഷം മാത്രം ജയിലിൽ കഴിഞ്ഞാൽ മതിയാകും. ഇതനുസരിച്ച് കേസിലെ ശിക്ഷ പൂർത്തിയാക്കി ആദ്യം മോചിതനാകുന്നതും സുനിയായിരിക്കും.
രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ഏഴ് വർഷം വിചാരണാ തടവ് പരിഗണിച്ച് ഇനി 13 വർഷം ശിക്ഷാനുഭവം. മൂന്നാം പ്രതി ബി. മണികണ്ഠനും നാലാം പ്രതി വി.പി. വിജീഷും 16 വർഷവും ആറ് മാസവും ജയിലിൽ കഴിയണം. അഞ്ചാം പ്രതി എച്ച്. സലിം (വടിവാൾ സലിം), ആറാം പ്രതി പ്രദീപ് എന്നിവർക്ക് 18 വർഷം വീതം ബാക്കി ശിക്ഷയുണ്ട്. പ്രതികളായ മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സലിം, പ്രദീപ് എന്നിവരും വിചാരണാ തടവിന്റെ ആനുകൂല്യം ലഭിച്ചവരാണ്.
പരോൾ, അവധി ദിവസങ്ങൾ തുടങ്ങിയ ഇളവുകൾ കണക്കാക്കുമ്പോൾ പ്രതികളുടെ യഥാർത്ഥ ജയിൽവാസം ഇനിയും കുറയും. കൂട്ടബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം വിധിച്ച കോടതി പ്രതികളുടെ ആവശ്യപ്രകാരം വിചാരണാ തടവ് ഒഴിവാക്കിയതാണ് ശിക്ഷാകാലത്ത് വലിയ കുറവുണ്ടാക്കിയത്.









