നടൻ മാത്യു പെറിയുടെ മരണം : കെറ്റാമൈൻ നൽകിയതിൽ പങ്കുള്ള ഡോക്ടർക്ക് 8 മാസം വീട്ടുതടങ്കൽ ശിക്ഷ

ലൊസാഞ്ചലസ്: 2023 ഒക്ടോബറിലാണ് ഹോളിവുഡ് സീരീസ് ‘ഫ്രണ്ട്‌സി’ലെ ചാൻഡ്ലർ ബിങ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ മാത്യു പെറിയെ (54) മരിച്ച നിലയിൽ കണ്ടെത്തിയത്. ലൊസാഞ്ചലസിലെ വസതിയിലെ ബാത്ത് ടബ്ബിൽ മാത്യു പെറിയെ ബോധരഹിതനായി കണ്ടെത്തിയത്. താരത്തിന്റെ മരണത്തിന് കാരണമായ കെറ്റാമൈൻ ലഹരി വിതരണവുമായി ബന്ധമുള്ള ഡോക്ടർക്ക് 8 മാസം വീട്ടുതടങ്കൽ ശിക്ഷ വിധിച്ചു.

മാത്യു പെറിക്ക് നിയമവിരുദ്ധമായി കെറ്റാമൈൻ വിതരണം ചെയ്യാനുള്ള ഗൂഢാലോചനയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രണ്ട് ഡോക്ടർമാരിൽ രണ്ടാമത്തെയാളായ മാർക്ക് ഷാവേസിനാണ് എട്ട് മാസം വീട്ടുതടങ്കൽ ശിക്ഷ ലഭിച്ചത്.

പെറിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായി ശിക്ഷിക്കപ്പെട്ട അഞ്ച് പേരിൽ ഒരാളാണ് മാർക്ക് ഷാവേസ്. കഴിഞ്ഞ വർഷം കെറ്റാമൈൻ വിതരണം ചെയ്യാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് അദ്ദേഹം കുറ്റസമ്മതം നടത്തിയിരുന്നു, അനധികൃതമായി ലഭിച്ച കെറ്റാമൈൻ മറ്റൊരു ഡോക്ടറായ സാൽവഡോർ പ്ലാസെൻസിയയ്ക്ക് വിറ്റതായി മാർക് സമ്മതിച്ചു.

2023 ഒക്ടോബറിൽ പെറിയുടെ സഹായിയാണ് 54 കാരനായ അദ്ദേഹത്തെ ബോധരഹിതനായി കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വളരെക്കാലമായി മാത്യു പെറി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. പെറിയുടെ മരണത്തിലേക്ക് നയിച്ച കെറ്റാമൈൻ നൽകിയതിന് ‘കെറ്റാമൈൻ ക്വീൻ’ എന്നറിയപ്പെടുന്ന ജസ്വീൻ സംഗ എന്ന യുവതി പൊലീസ് പിടിയിലായിരുന്നു. ഇവരും രണ്ട് ഡോക്ടർമാരും പെറിയുടെ പഴ്സനൽ അസിസ്റ്റന്റ്, താരത്തിന് കെറ്റാമൈൻ വിൽക്കുന്നതിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് സമ്മതിച്ച മറ്റൊരാൾ എന്നിങ്ങനെ അഞ്ചുപേർ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു.

എൻബിസിയുടെ ഫ്രണ്ട്സ് സീരീസാണ് മാത്യു പെറിയെ പ്രശസ്തനാക്കിയത്. 1994 മുതൽ 2004 വരെയുള്ള കാലത്ത് ഫ്രണ്ട്‌സിൻ്റെ 10 സീസണുകളാണ് പുറത്തുവന്നത്. ഫ്രണ്ട്‌സിന് പുറമേ ഫൂൾസ് റഷ് ഇൻ, ദി വോൾ നയൺ യാർഡ്‌സ് തുടങ്ങിയ സിനിമകളിലും താരം ശ്രദ്ധിക്കപ്പെട്ടു.

Actor Matthew Perry’s death: Doctor involved in giving ketamine sentenced to 8 months of house arrest.

More Stories from this section

family-dental
witywide